മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്ക് പൊലിസ് ഹൈടെക് സെല്ലിന്റെ ഭീഷണി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്ക് പൊലിസ് ഹൈടെക് സെല്ലിന്റെ ഭീഷണി. മുഖ്യമന്ത്രിയെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളെ ഹൈടെക് സെല്‍ നിരീക്ഷിച്ചു വരികയാണ്. ചിലര്‍ക്ക് ഹൈടെക് സെല്ലില്‍ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നുമുണ്ട്.
ട്രോളിങ് സൈറ്റുകളെയാണ് ഹൈടെക് സെല്‍ പ്രത്യേകം നിരീക്ഷിക്കുന്നത്. മുഖ്യമന്ത്രിയെ ശക്തമായി വിമര്‍ശിക്കുന്ന ട്രോളുകളുള്ള പേജുകളിലേക്കാണ് പൊലിസിന്റെ മുന്നറിയിപ്പ് വരുന്നത്. ഈ പേജില്‍ മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ വരുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇങ്ങനെ കളിയാക്കുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടും കേരള പൊലിസ് ആക്ടും ഐ.പി.സിയും അനുസരിച്ച് കുറ്റകരമാണെന്ന് ഹൈടെക് സെല്ലില്‍ നിന്ന് വരുന്ന സന്ദേശത്തില്‍ പറയുന്നു. ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യണം. ഭാവിയില്‍ ഇത്തരം പോസ്റ്റുകള്‍ ഇടരുത്. ഈ നിര്‍ദേശം ലംഘിക്കുന്നത് ഗൗരവത്തോടെ കാണുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്. എന്നാല്‍ ആരാണ് പരാതിക്കാരെന്നോ എന്തു തരം പരാതിയാണ് ലഭിച്ചതെന്നോ സന്ദേശത്തില്‍ വ്യക്തമാക്കുന്നില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നത് വിലക്കിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനു തൊട്ടു പിറകെയാണ് പൊലിസിന്റെ ഈ നീക്കം. സര്‍ക്കുലറിലെ നിര്‍ദേശം ജീവനക്കാര്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നടപടികള്‍ക്കെതിരേ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്.
വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന്
പൊലിസ് ഹൈടെക് സെല്‍
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും എന്ന തരത്തില്‍ സംസ്ഥാന പൊലിസിലെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ മുന്നറിയിപ്പു നല്കി എന്ന് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
മറ്റൊരാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് അതുപയോഗിച്ച് പോസ്റ്റ് ഇടുന്നതും ഒരു വ്യക്തിയെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതും ഐ.ടി ആക്ട് പ്രകാരവും ഐ.പി.സി പ്രകാരവും കുറ്റകരമാണ്. മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉന്നയിച്ചാല്‍ നടപടിയെടുക്കുമെന്ന തരത്തില്‍ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നും പൊലിസ് മേധാവി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."