ഐസ്‌ലന്‍ഡിനെ ഐസാക്കാന്‍ നോക്കണ്ട
വമ്പന്‍മാരായ ഹോളണ്ടിനെ വീഴ്ത്തി യൂറോ കപ്പിലേക്ക് യോഗ്യത. കിരീട പ്രതീക്ഷയുമായി എത്തിയ ഇംഗ്ലണ്ടിനെ പ്രീ ക്വാര്‍ട്ടറില്‍ വീഴ്ത്തി കന്നി യൂറോയില്‍ തന്നെ ക്വാര്‍ട്ടര്‍ ബര്‍ത്ത്. ഇത്തിരി കുഞ്ഞന്‍മാരെന്നു കരുതി ഐസ്‌ലന്‍ഡിനെ നേരിടാനിറങ്ങി ഇനി ആരും ഐസായിപ്പോവാന്‍ ഒരുക്കമുണ്ടാകില്ല. ഒന്നു കരുതുന്നതു നല്ലതാണ്. ക്വാര്‍ട്ടറില്‍ നേരിടാനിറങ്ങുന്ന ഫ്രാന്‍സ് പ്രത്യേകിച്ചും.
ഇത്തിരിക്കുഞ്ഞന്‍മാരായ ഐസ്‌ലന്‍ഡാണ് ഇപ്പോള്‍ അത്ഭുതമായി നില്‍ക്കുന്നത്. ഫിഫ റാങ്കിങ്ങില്‍ 121-ാം സ്ഥാനത്ത് നിന്നിരുന്ന ടീം 34-ാം സ്ഥാനത്ത് വരെയെത്തിയത് കഠിനാധ്വാനവും വിജയിക്കാനുള്ള ആത്മവിശ്വാസവും കൈമുതലാക്കിയാണ്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയുള്ള ടീമിന്റെ കുതിപ്പിനെ അപാരം എന്നേ പറയാന്‍ സാധിക്കൂ.
ചെറിയ രാജ്യമായതിനാല്‍ ദുര്‍ബലരായിരിക്കുമെന്ന വിശ്വാസമൊന്നും ഫുട്‌ബോളില്‍ ചേരില്ലെന്ന് തെളിയിക്കുകയാണ് ഐസ്‌ലന്‍ഡ്. മൂന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള ഐസ്‌ലന്‍ഡ് യൂറോ യോഗ്യതാ മത്സരത്തില്‍ തോല്‍വിയറിയാതെയാണ് ഫ്രാന്‍സിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. വമ്പന്‍മാരായ ചെക്ക് റിപ്പബ്ലിക്കും ഹോളണ്ടും അവരുടെ വിജയ തൃഷ്ണയ്ക്കു മുന്നില്‍ നമിച്ചു. ഇപ്പോഴിതാ പോര്‍ച്ചുഗലും ഇംഗ്ലണ്ടും എല്ലാം അവരുടെ സംഘബലത്തിനു മുന്നില്‍ തണുത്തു വിറയ്ക്കുന്നു.
യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ശക്തരായ പോര്‍ച്ചുഗലിനോടു നേടിയ സമനില അവര്‍ക്ക് വിജയത്തേക്കാള്‍ തിളക്കമുള്ളതായിരുന്നു.
രണ്ടാം ത്സരത്തില്‍ ഹംഗറിയോട് പൊരുതി നോക്കിയെങ്കിലും സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മൂന്നാം മത്സരത്തില്‍ ഓസ്ട്രിയയെ ഒരു ഗോളിന് തകര്‍ത്താണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. നോക്കൗട്ടില്‍ ഇംഗ്ലണ്ടിനേയും ഫുട്‌ബോള്‍ ലോകത്തേയും ഞെട്ടിച്ചു അവരിതാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയിരിക്കുന്നു.
കന്നിയങ്കത്തില്‍ സ്വപ്ന തുല്ല്യമായ കുതിപ്പ് കൈവരിക്കുന്നതില്‍ ടീമിന്റെ ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ആരോണ്‍ ഗുണ്ണാര്‍സനായിരുന്നു. ടീമിനായി രണ്ട് ഗോളും സ്‌കോര്‍ ചെയ്ത നായകന്‍ ത്രോ എറിയുന്നതില്‍ വിദഗ്ധനാണ്. ഐസ്‌ലന്‍ഡ് ടീമിനു ഇരട്ട പരിശീലകരാണ് തന്ത്രമോതുന്നത്. ഹൈമിര്‍ ഹള്‍ഗ്രിംസനും ലാര്‍സ് ലഗര്‍ബാക്കും.
ജൂലൈ നാലിനു ഫ്രാന്‍സുമായിട്ടാണ് ഐസ്‌ലന്‍ഡിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഐസ്‌ലന്‍ഡ് ഫ്രാന്‍സിനെ അട്ടിമറിക്കുമോ എന്നു കാത്തിരുന്നു കാണാം. ആറു മാസത്തിലധികം രാജ്യത്ത് മഞ്ഞുമൂടിയ കാലാവസ്ഥയയെല്ലാം പ്രധിരോധിച്ചാണ് ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ചരിത്രത്തിലേക്ക് നടന്നു കയറുന്നത്.
ഭരണാധികാരികളും നാട്ടുകാരും ഒന്നിച്ചതോടെ ഫുട്‌ബോള്‍ ബാലി കേറാ മലയല്ലെന്ന് തെളിയിക്കുകയാണ് ഈ കൊച്ചു രാജ്യം. യൂറോയില്‍ ഐസ്‌ലന്‍ഡ് എന്ത് പുതു ചരിതമാണ് എഴുതാനുള്ളതെന്നു കാതോര്‍ത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. എങ്കിലും ഫലം എന്തുമായ്‌ക്കൊള്ളട്ടെ ഐസ്‌ലന്‍ഡ് പകര്‍ന്നു തരുന്ന ഒരു മഹത്തായ പാഠമുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അവര്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ സ്വീകരിച്ച മാര്‍ഗം പിന്തുടരാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."