കറുവപ്പട്ടയുടെ കാവല്‍ക്കാരന്‍
പോരാട്ടങ്ങളാണു ചരിത്രത്തെ നിര്‍മിക്കുന്നത്. നിശബ്ദ പോരാട്ടങ്ങളും ചിലപ്പോള്‍ ചരിത്രത്താളുകളില്‍ ആലേഖനം ചെയ്യപ്പെടും. അവയെ ഉള്ളുകീറി പരിശോധിക്കുമ്പോള്‍ ആ ചരിത്രനിര്‍മിതിയുടെ കാരണക്കാരനെ കണ്ടുമുട്ടാം. കറുവപ്പട്ടയ്ക്ക് ഈ ചരിത്രകഥയില്‍ എന്താണ് സ്ഥാനം എന്നു ചോദിക്കാന്‍ വരട്ടെ, അതിനുമുന്‍പ് കണ്ണൂര്‍ പയ്യാമ്പലത്തെ ജോണ്‍സണ്‍സ് വില്ലയില്‍ ലിയോനാര്‍ഡ് ജോണ്‍ എന്ന കര്‍ഷകനെ പരിചയപ്പെടണം. ഇല്ലെങ്കില്‍ രണ്ടു പതിറ്റാണ്ടിലേറെയായി അദ്ദേഹം കറുവപ്പട്ടയ്ക്കുവേണ്ടി നടത്തിയ പോരാട്ടത്തെ കാണാനാകാതെ പോകും.
ഭരണകൂടം ജനങ്ങള്‍ക്കു വിഷം ഇറക്കുമതി ചെയ്യുന്നതിനെതിരേയും രാജ്യത്തു കറുവപ്പട്ടയില്‍ മായം ചേര്‍ക്കുന്നതിനെതിരേയുമായിരുന്നു ഇദ്ദേഹത്തിന്റെ പോരാട്ടം. അഞ്ചു ശതമാനം കോമറിന്‍ അടങ്ങിയ കാസിയ എന്ന വിഷം ചേര്‍ത്ത കറുവപ്പട്ടയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പതിറ്റാണ്ടുകളായി ഇറക്കുമതി ചെയ്തിരുന്നത്. ഒടുവില്‍ 0.3 ശതമാനത്തിനു മുകളില്‍ കോമറിന്‍ അടങ്ങിയ കാസിയ ഇറക്കുമതി പൂര്‍ണമായും തടഞ്ഞ് കഴിഞ്ഞ നവംബര്‍ 26നു കേന്ദ്രം ഉത്തരവിറക്കി. ഒന്‍പതു വര്‍ഷം ഒരു മനുഷ്യന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായിരുന്നു അത്.
പോരാട്ടത്തിന്റെ തുടക്കം
കണ്ണൂര്‍ വിളക്കന്നൂരില്‍ 40 ഏക്കറില്‍ കറുവപ്പട്ട കൃഷി ചെയ്യുന്നുണ്ട് ലിയോനാര്‍ഡ്. 2000ല്‍ തന്റെ ഉല്‍പന്നങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ വില്‍ക്കാന്‍ ശ്രമം നടത്തി. അപ്പോഴാണു ചൈനയിലെ വിഷാംശമുള്ള കറുവപ്പട്ട ഒറിജിനലിന്റെ അഞ്ചിലൊന്ന് വിലയ്ക്കു കേരളത്തിലടക്കം ലഭ്യമാണെന്നു മനസിലായത്. 2007ല്‍ കറുവപ്പട്ടയ്ക്കു വില 72 രൂപ. ഇറക്കുമതി ചെയ്യുന്ന കാസിയക്ക് 69 രൂപയും. ഇങ്ങനെയാണ് സ്‌പൈസസ് ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ഒറിജിനലിന് 160 രൂപയും ഇറക്കുമതി ചെയ്യുന്ന വിഷാംശമുള്ളവയ്ക്കു 29 രൂപയുമായിരുന്നു മാര്‍ക്കറ്റ് വില. വിഷാംശമുള്ള കാസിയക്കു വിലക്കുറവ്. ഒറിജിനലിന് കൂടുതലും.
ഇതോടെ നമ്മുടെ കറുവപ്പട്ട ആര്‍ക്കും വേണ്ടാതായി. വിഷാംശമുള്ള കാസിയ ഇറക്കുമതി നിരോധിക്കാന്‍ സാമ്പിള്‍ സഹിതം ലിയോനാര്‍ഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് ഇറക്കുമതി നിരോധിക്കാന്‍ 2008 ഏപ്രില്‍ നാലിനു ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിനു സ്‌പൈസസ് ബോര്‍ഡ് നിര്‍ദേശം നല്‍കി. എന്നാല്‍ ഈ ഉത്തരവ് ഏഴു വര്‍ഷം കഴിഞ്ഞാണു ലഭിച്ചതെന്ന വിചിത്ര മറുപടിയാണ് വിവരാവകാശ നിയമപ്രകാരം ഇദ്ദേഹത്തിനു ലഭിച്ചത്.
കാസിയ ഇറക്കുമതി മാഫിയയുടെ സ്വാധീനം എത്ര വലുതാണെന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ മറുപടിക്കത്ത്. വീണ്ടും പരാതി നല്‍കി. അതിനെത്തുടര്‍ന്നാണ് സി.ബി.ഐ ആരോഗ്യവിഭാഗവും കേന്ദ്ര വിജിലന്‍സ് കമ്മിഷനും കേന്ദ്ര ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗവും കേസെടുക്കുന്നത്.
കാസിയ ഇറക്കുമതിയും ഉപയോഗവും
കൊല്‍ക്കത്ത, മുംബൈ, തൂത്തുക്കുടി, കൊച്ചി, വിശാഖപട്ടണം, മംഗളൂരു, പോര്‍ബന്ദര്‍, ജാംനഗര്‍, ന്യൂ കഡ്‌ല എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ വഴിയാണ് വിഷാംശമുള്ള കാസിയ ഇറക്കുമതി നടന്നിരുന്നത്. ലിയോനാര്‍ഡിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞവര്‍ഷം അഞ്ചു തുറമുഖങ്ങള്‍ വഴിയുള്ള ഇറക്കുമതി നിര്‍ത്തി. എന്നാല്‍ ഏറ്റവും കൂടുതല്‍ കറിപൗഡറുകളും ആയുര്‍വേദ ഉല്‍പന്നങ്ങളും നിര്‍മിക്കുന്ന കേരളത്തിലേക്കു കൊച്ചി വഴി 7.6 ലക്ഷം കിലോ വിഷാംശമുള്ള കാസിയ ഇറക്കുമതി ചെയ്യുന്നുണ്ട്.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, വിശാഖപട്ടണം എന്നീ തുറമുഖങ്ങള്‍ വഴിയും റിക്കാര്‍ഡ് ഇറക്കുമതിയാണ് നടന്നത്. എന്നാല്‍ ഇറക്കുമതി ചെയ്തവരുടെ വിവരങ്ങള്‍, എത്ര അളവ്, എന്തുകൊണ്ട് ആധികാരിക ലാബില്‍ സാബിള്‍ പരിശോധന നടത്തിയില്ല തുടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടി ലഭിച്ചിട്ടില്ല. ഇതു ലഭിക്കാന്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ് ഇദ്ദേഹം.
പോരാട്ടത്തിനു പിന്നില്‍
1994ലായിരുന്നു അത്. കരച്ചില്‍ നിര്‍ത്താന്‍ പാലില്‍ നിലവാരം കുറഞ്ഞ കാസിയ അരച്ചുകൊടുത്തതിനെ തുടര്‍ന്നു പിഞ്ചുകുട്ടികള്‍ അത്യാസന്ന നിലയിലായി. ഉത്തര്‍പ്രദേശിലായിരുന്നു സംഭവം. നാലു മാസമാണ് കുഞ്ഞുങ്ങള്‍ ആ അവസ്ഥയില്‍ കഴിഞ്ഞത്. വാര്‍ത്ത വായിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു കുഞ്ഞിനും ഈ ഗതി വരാതിരിക്കാനായി ലിയോനാര്‍ഡ് പോരാട്ടം ആരംഭിക്കുന്നത്. കാസിയ ഉപയോഗം മൂലം മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി, വായയിലെ അര്‍ബുദം എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നു. രക്തം ഉരുകിപ്പോയി വൃക്ക, കരള്‍, മസില്‍, തലച്ചോര്‍ ഞരമ്പുകള്‍ എന്നിവ തകരാറിലുമാകും. ഇത് ആരോഗ്യ വകുപ്പിന്റെ തന്നെ കണ്ടെത്തലായിരുന്നു.
മനുഷ്യശരീരത്തില്‍ 12 ഇരട്ടി അര്‍ബുദ കോശങ്ങളെ വളര്‍ത്തുന്ന ഏറ്റവും അപകടകാരി കൂടിയാണു കാസിയ. കറിപൗഡര്‍, 70 ശതമാനം ആയുര്‍വേദ മരുന്നുകള്‍, ബിരിയാണി ഉള്‍പ്പെടെയുള്ള മസാലക്കൂട്ടുകളിലെല്ലാം കാസിയ ഉപയോഗിക്കുന്നുണ്ട്. വിപണിയിലിറങ്ങുന്ന കറിപൗഡറുകളില്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്നു വിവരാവകാശ അപേക്ഷക്ക് സ്‌പൈസസ് ബോര്‍ഡ് ലിയോനാര്‍ഡിനു മറുപടി നല്‍കിയിരുന്നു.
പിന്തുണയും ഭീഷണിയും
കര്‍ഷക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ് സ്വാമിനാഥന്റെ പിന്തുണ ലിയോനാര്‍ഡിനെ തേടിയെത്തി. ഇദ്ദേഹത്തില്‍ നിന്നു കാസിയ ഇറക്കുമതിയെക്കുറിച്ച് വിവരം തേടിയ സ്വാമിനാഥന്‍ ഇതു തടയാന്‍ കേന്ദ്ര ശാസ്ത്ര പരിസ്ഥിതി ഡയറക്ടറെ ബന്ധപ്പെട്ടു. തുടര്‍ന്നു പരിശോധനയ്ക്കുള്ള ജി.എസ്.എം.എസ് മെഷീന്‍ വാങ്ങാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഫുഡ് സേഫ്റ്റി കമ്മിഷനര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.
തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട് ഫുഡ് അനാലറ്റിക്‌സ് ലാബുകളില്‍ ഒറിജിനല്‍ കറുവപ്പട്ടയാണെന്നു പരിശോധിക്കാന്‍ സംവിധാനമില്ല. മൈസൂരു സെന്‍ട്രല്‍ ലാബിലാണു ഈ സൗകര്യമുള്ളത്.
കാസിയ ഇറക്കുമതിക്കെതിരേ പോരാട്ടം നടത്തുന്നതിലൂടെ ക്വട്ടേഷന്‍ സംഘം കൊന്നുകളയുമെന്നു ഭീഷണി മുഴക്കുക വരെയുണ്ടായി. നിയമപോരാട്ടം മാത്രമല്ല കറുവപ്പട്ടയുടെ ചരിത്രത്തെക്കുറിച്ച് True Cinnamon Versus Toxin Duplicate Cassia എന്ന പേരില്‍ ഇംഗ്ലിഷില്‍ പുസ്തകവും രചിച്ചിട്ടുണ്ട് ബി കോം ബിരുധദാരിയായ ലിയോനാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."