ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ചെങ്ങന്നൂര്‍ നാളെ ബൂത്തിലേക്ക്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 1,06421 വനിതകളും 92,919 പുരുഷന്മാരും ഉള്‍പ്പെടെ 1,99,340 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നടക്കും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ടി.വി അനുപമ പറഞ്ഞു.
ആദ്യമായി ഇ.ടി.പി.ബി.എസ് സംവിധാനം കേരളത്തില്‍ ഉപയോഗിക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലാണ്. എല്ലാ ബൂത്തിലും വിവി പാറ്റ് ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ നിയമസഭ മണ്ഡലമാണിത്. വേങ്ങര ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി വിവിപാറ്റ് ഉപയോഗിച്ചത്. റമദാന്‍ കാലമായതിനാല്‍ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രാര്‍ഥിക്കാനും നോമ്പ് തുറക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി ഓഫിസറെ നിയമിച്ചിട്ടുണ്ട്. എന്‍.എസ്.എസ് വിദ്യാര്‍ഥികളെ ഹരിതചട്ട പരിപാലന ചുമതലക്ക് വിനിയോഗിക്കും. മഴ ന നയാതിരിക്കാനാവശ്യമായ സൗകര്യം ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും ബൂത്തുകളിലൊരുക്കിയതായി കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
ഇന്നു വൈകിട്ടോടെ ബൂത്തുകള്‍ സജ്ജമാകും. 17 സ്ഥാനാര്‍ഥികളും നോട്ടയും ഉള്‍പ്പടെ 18 പേര്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനംപിടിക്കുന്നതിനാല്‍ ഒരു പോളിങ് ബൂത്തില്‍ രണ്ടു വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും. 1104 പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളത്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പൊലിസ് മേധാവി എസ്. സുരേന്ദ്രന്‍, എ.ഡി.എം ഐ. അബ്ദുല്‍ സലാം, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ്. നാഥ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."