പശുക്കളെ കൊല്ലുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ബിജെപി എംഎല്‍എ
ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവരുടേയും അപമാനിക്കുന്നവരുടേയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ വിക്രം സൈനി. ബിജെപി അംഗത്തെ ആദരിക്കുന്ന ചടങ്ങിലാണ് വിക്രം സൈനി ഭീഷണി മുഴക്കിയത്.
'വന്ദേമാതരം എന്നും ഭാരത് മാതാ കീ ജയ് എന്നും പറയാന്‍ വിസമ്മതിക്കുകയും പശുക്കളെ മാതാവായി കരുതാതെ കൊല്ലുകയും ചെയ്യുന്നവരുടെ കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. വാഗ്ദത്തം പാലിക്കാന്‍ തയ്യാറുള്ളവരാണ് ഞങ്ങള്‍. നടപടികള്‍ എടുക്കാന്‍ പര്യാപ്തരായ ചെറുപ്പക്കാരുടെ സംഘമാണ് ഞങ്ങളുടേത്'- സൈനി പറഞ്ഞു.
പാകിസ്താനുമായും ചൈനയുമായും യുദ്ധമുണ്ടായാല്‍ വേതനമൊന്നും കൂടാതെ അതിര്‍ത്തിയില്‍ പോരാടാന്‍ സജ്ജരാണ് ഗോസുരക്ഷക്കായി തയ്യാറാക്കിയ ഈ യുവസംഘമെന്നും സൈനി കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല സൈനി വിവാദ പരാമര്‍ശം നടത്തുന്നത്. 2013ലെ മുസാഫര്‍ നഗര്‍ കലാപ സമയത്ത് വര്‍ഗീയ പ്രസംഗം നടത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായിട്ടുമുണ്ട്.
അതേസമയം, സൈനിയുടെ വിവാദ പരാമര്‍ശം കയ്യടികളോടെയാണ് അണികള്‍ വരവേറ്റതെങ്കിലും വേദിയിലുണ്ടായിരുന്ന നേതാക്കള്‍ ആശങ്കാകുലരായെന്നും സൈനിയെ തടയാന്‍ ശ്രമിച്ചെന്നും നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."