കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 25 കോടിയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു
കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തില്‍ 25 കോടി രൂപ വരവും, 24,97,50,000 രൂപ ചെലവും 2,50,000- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അവതരിപ്പിച്ചു. ആരോഗ്യ മേഖലയില്‍ മുണ്ടക്കയം, എരുമേലി, കൂട്ടിക്കല്‍ സി.എച്ച്.സി.കളില്‍ ഡയാലീസിസ് യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും, രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും വിശ്രമിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ബഡ്ജറ്റില്‍ 56,26,000 രൂപ വകയിരുത്തി.
കാര്‍ഷിക മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതനായി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലുളള കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും, വീട്ടു മുറ്റത്തെ ജൈവപച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും, ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാലിന് സബ്‌സിഡി നല്‍കുന്നതിനായി ഉല്‍പാദന മേഖലയില്‍ 1,15,19,300രൂപ വകയിരുത്തി.
സ്ത്രീകളുടെ സാമൂഹ്യസാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, തൊഴില്‍സംരഭങ്ങള്‍ ആരംഭിക്കുന്നതിനും, പെണ്‍കുട്ടികളുടെ സ്വയരക്ഷയ്ക്കായി കായിക പരിശീലനം നല്‍കുന്നതിനും, വ്യവസായ പരിശീലനം നല്‍കുന്നതിനും 72,17,900 രൂപ ബജറ്റില്‍ വകയിരുത്തി.
ഭവന നിര്‍മാണ ധനസഹായത്തിനായി പ്രധാന മന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് 1,51,94,000 - രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റ 'ലൈഫ്' പാര്‍പ്പിട പദ്ധതിയ്ക്ക് കൂടുതല്‍ തുക വകയിരുത്തുന്ന പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിര്‍മാണം, കാഞ്ഞിരപ്പളളി മിനി ബൈപാസ്സ് പൂര്‍ത്തീകരണം, പേട്ടക്കവലയില്‍ ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം, 26-ാം മൈല്‍, എരുമേലി എന്നിവിടങ്ങളില്‍ 'തീര്‍ത്ഥാടന വിശ്രമകേന്ദ്രം', തോടുകള്‍ ആഴംകൂട്ടി വൃത്തിയാക്കല്‍, സാംസ്‌കാരിക നിലയം കെട്ടിടങ്ങളുടെ പൂര്‍ത്തീകരണം അടിസ്ഥാന സൗകര്യം ഒരുക്കല്‍ എന്നിവയ്ക്കായി 14,65,0000- രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കുന്നതിനോടൊപ്പം, പട്ടികജാതിപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം, പഠനമുറി നിര്‍മാണം, കോളനികളിലെ കുടിവെളള വിതരണസംവിധാനം മെച്ചപ്പെടുത്തല്‍, വൈദ്യുതി എത്തിക്കല്‍, ആലംപരപ്പ് എസ്.സി. കോളനിയില്‍ 'സാംസ്‌കാരിക നിലയം' അഭ്യസ്തവിദ്യരായ പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് കരസേനയില്‍ ചേരുന്നതിനായി പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സൗകര്യമൊരുക്കല്‍, കോരുത്തോട് പ്രീമെട്രിക് ഹോസ്റ്റലിനായി വാങ്ങിയ സ്ഥലത്തേക്കുളള റോഡിന് ആവശ്യമായ സ്ഥലം വാങ്ങല്‍ എന്നിവയ്ക്കായി 3,13,73,900രൂപ വകയിരുത്തിയിട്ടുണ്ട്.
വൃദ്ധര്‍, ഭിന്നശേഷിയുളളവര്‍, ശിശുക്കള്‍ എന്നിവരുടെ ക്ഷേമത്തിനായി, ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സ്‌കോളര്‍ഷിപ്പ്, വൃദ്ധര്‍ക്ക് രോഗനിര്‍ണ്ണയ ക്യാംപുകള്‍ നടത്തി കണ്ണട, പല്ല്‌സെറ്റ്, വോക്കിങ് സ്റ്റിക്, എന്നിവയുടെ വിതരണം, കാല്‍ മുറിച്ച് മാറ്റിയവര്‍ക്ക് കൃത്രിമക്കാലുകള്‍, വീല്‍ചെയറുകള്‍, അങ്കണവാടികള്‍ക്ക് പൂരകപോഷകാഹാര വിതരണം, ഗ്യാസ് സ്റ്റൗ വാങ്ങി നല്‍കല്‍, അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങല്‍, കെട്ടിടം നിര്‍മ്മാണം എന്നിവയ്ക്കായി പദ്ധതിയില്‍ 72,17,900 രൂപ വകയിരുത്തിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 13,00,66,400 രൂപയുടെ ലേബര്‍ ബഡ്ജറ്റും, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി 2,00,000 രൂപയും, എം.പി. ഫണ്ട്, എം.എല്‍.എ. ഫണ്ട് പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ട് എന്നിവ ബഹു. എം.പി. യുടേയും, എം.എല്‍.എ.യുടേയും നിര്‍ദ്ദേശാനുസരണം വിവിധ പദ്ധതികള്‍ക്കായി 2,28,72,600- രൂപയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 38,12,000 രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നമ്മ ജോസഫ് അധ്യക്ഷയായിരുന്നു. ബഡ്ജറ്റ് ചര്‍ച്ചയില്‍ മെമ്പര്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ശുഭേഷ് സുധാകരന്‍, ജെയിംസ് പി. സൈമണ്‍, സോഫി ജോസഫ്, പി.ജി. വസന്തകുമാരി, പ്രകാശ് പളളിക്കൂടം, മറിയമ്മ ടീച്ചര്‍, ആശാ ജോയി, അജിതാ രതീഷ്, വി.റ്റി. അയൂബ്ഖാന്‍, ക്ഷീര വികസന ഓഫീസര്‍ സുശീല എന്‍.എസ്., ബി.ഡി.ഒ. കെ.എസ്. ബാബു, ഹെഡ് ക്ലര്‍ക്ക് ബാബു കെ.എസ്, ഹെഡ് അക്കൗണ്ടന്റ് പി.കെ. മണിലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."