മലയോരത്ത് തോരാത്ത മഴ: മാനുകളും പന്നികളും കാടിറങ്ങുന്നു
കാട്ടാക്കട: മലയോരത്ത് ഇപ്പോള്‍ തോരാമഴയാണ്. മഴ ഗുണമാണെങ്കിലും അതാണ് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നത്. ആനകളായിരുന്നു ഒരു കാലത്ത് കര്‍ഷകരുടെ മനസില്‍ ഭീതി വിതയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന്റ സ്ഥാനം മാനുകളും പന്നികളും കുരങ്ങന്മാരും ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി മഴ കനത്തോടെ ഇവറ്റകള്‍ കൂട്ടമായി നാട്ടിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കര്‍ഷകര്‍ നോക്കുമ്പോഴാണ് പങ്കാവ്, ഈഞ്ചപ്പുരി, കള്ളിയല്‍ ഭാഗങ്ങളില്‍ ഈ മ്യഗങ്ങള്‍ വിളയാടിയിട്ടിരിക്കുന്നത് കാണുന്നത്.
ആരോട് പരാതി പറയും എന്ന ആശങ്കയിലാണ് കര്‍ഷകര്‍. മഴ കനത്തതോടെ കാട്ടുമ്യഗങ്ങള്‍ കൂട്ടമായി നാട്ടിലെത്തുന്നു. ഒറ്റയ്ക്കും പറ്റമായും വരുന്ന വന്യജീവികളാകട്ടെ നിവാസികളുടെ ജീവനും കൃഷിയ്ക്കും വന്‍ ഭീഷണിയായിരിക്കുകയാണ്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, കുരങ്ങ് എന്നീ വന്യജീവികളാണ് ഇപ്പോള്‍ കൂട്ടത്തോടെ വരുന്നത്. താമസിയാതെ ആനകള്‍ എത്താനും സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇവ വനത്തില്‍ നിന്നും ഇറങ്ങി തുടങ്ങിയിട്ട്. രാത്രിയിലും പുലര്‍ച്ചെയുമാണ് കാട്ടുപോത്തുകളും പന്നികളും എത്തുന്നത്. കുരങ്ങന്‍മാരും മ്ലാവുകളും ഏതു സമയത്തും എത്തും.
കൂട്ടമായി എത്തുന്ന ഇവറ്റകള്‍ ആദ്യം കണ്ണുവയ്ക്കുന്നത് കൃഷി ഭൂമിയിലാണ്. കപ്പ, വാഴ തുടങ്ങി എന്തിലും ആക്രമണം നടത്തുന്ന കാട്ടുമ്യഗങ്ങള്‍ വന്‍ നാശമാണ് വരുത്തി വയ്ക്കുന്നത്. മണിക്കൂറുകളോളം തമ്പടിക്കുന്ന മൃഗങ്ങള്‍ ജനങ്ങളുടെ ജീവനു വരെ ഭീഷണിയായിട്ടുണ്ട്. റബര്‍ ചെടികള്‍ ഇവറ്റകള്‍ക്ക് ഇപ്പോള്‍ പ്രിയമായി മാറിയിട്ടുണ്ട്. പന്നികളും മ്ലാവുകളും എത്തിയാല്‍ നട്ടിരിക്കുന്ന റബര്‍ചെടികള്‍ പിഴുതിടും. ഇതു കാരണം വനതാഴ്‌വാരത്ത് റബര്‍ കൃഷി പോലും ചെയ്യാന്‍ പറ്റാത്ത നിലയിലാണ്. കുരങ്ങന്‍മാരുടെ ശല്യമാണ് ഏറ്റവും രൂക്ഷം. രാത്രിയിലും പകലും കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാര്‍ വീടുകളില്‍ കയറി അതിക്രമങ്ങള്‍ കാട്ടുന്നുണ്ട്. ഭക്ഷണസാധനങ്ങള്‍ ഒന്നും സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്നില്ല. തുറന്ന ജയില്‍ വളപ്പില്‍ നിന്നുമാണ് ഇവറ്റകള്‍ കൂട്ടത്തോടെ വരുന്നത്.
വീട്ടിനകത്ത് കുഞ്ഞുങ്ങളെ കിടത്തി ഉറക്കാന്‍ ഇവറ്റകള്‍ സമ്മതിക്കാറില്ല. കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനു നേരെ കള്ളിയല്‍ ഭാഗത്ത് വച്ച് ആക്രമണം നടന്നിരുന്നു. വനത്തിനകത്ത് ആഹാരം കുറഞ്ഞതാണ് മൃഗങ്ങള്‍ നാട്ടിലേയ്ക്ക് എത്താന്‍ കാരണമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഇവറ്റകള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ ഇപ്പോള്‍ ലഭ്യമാകാറില്ലെന്ന് വനപാലകരും സമ്മതിക്കുന്നു. കാട്ടുമ്യഗങ്ങളുടെ വരവ് വന്‍ ഭീഷണിയായി മാറിയിട്ടും തടയാന്‍ വനം വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. കുറ്റിച്ചല്‍, കള്ളിക്കാട്, അമ്പൂരി, ആര്യനാട്, വിതുര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കപ്പ കൃഷി പേരിന് പോലും ചെയ്യാന്‍ കഴിയുന്നില്ല.
റബര്‍ കൃഷി എവിടെ തുടങ്ങിയോ അവിടെ മൃഗങ്ങള്‍ എത്തും. കാട്ടുമൃഗങ്ങളെ തുരത്താന്‍ കര്‍ഷകര്‍കരെ വനനിയമങ്ങള്‍ അനുവദിക്കുന്നില്ല. ഈ പ്രശ്‌നത്തില്‍ വനം വകുപ്പ് ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ അത് നടപ്പിലായില്ല.
വൈദ്യുത വേലി ഉള്‍പ്പെടെ അടിയന്തിരമായി സ്ഥാപിക്കാനും വനത്തില്‍ തന്നെ അവറ്റകള്‍ക്ക് ആഹാരത്തിനായുള്ളവ നട്ടുപിടിപ്പിക്കാനും വനം വകുപ്പ് എന്തെങ്കിലും ചെയ്യുമോ എന്ന പ്രതീക്ഷ നഷ്ടമായ നിലയാണ് നാട്ടുകാര്‍.
നാട്ടുകാരും ആദിവാസികളും പരമ്പരാഗത രീതിയില്‍ വന്യമൃഗങ്ങളെ തുരത്താന്‍ നിര്‍മ്മിക്കുന്ന സമ്പ്രദായങ്ങള്‍ തന്നെയാണ് ഇപ്പോഴും ഇവര്‍ക്ക് ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."