പുറക്കാട് കടല്‍ക്ഷോഭം രൂക്ഷം; തീരദേശവാസികള്‍ ഭീതിയില്‍ 50 ഓളം വീടുകളില്‍ വെള്ളം കയറി
അമ്പലപ്പുഴ: പുറക്കാട് പുന്തലയില്‍ കടല്‍കയറ്റം ശക്തമായി. 50 ഓളം വീടുകളില്‍ വെള്ളം കയറി. ജനജീവിതം ദുരിതത്തിലായി. ഇന്നലെ ഉച്ചയോടെയാണ് പുന്തല മുതല്‍ മുരുക്ക് വേലി വരെ മൂന്ന് കിലോമീറ്ററോളം കടല്‍ കരയിലേക്ക് ആഞ്ഞടിച്ചത്.
കടല്‍ഭിത്തിയുടെ മുകളിലൂടെയും വിടവിലൂടെയും ഇരച്ചു കയറിയ വെള്ളം വീടുകളില്‍ കെട്ടിക്കിടക്കുകയാണ്. അപ്രതീക്ഷിതമായി കടല്‍ തീരം കവര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. കരയില്‍ വച്ചിരുന്ന വീട്ടുപകരണങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും വെള്ളത്തില്‍ ഒഴികിപ്പോയി. പുന്തലയില്‍ ദേശീയ പാതയോരത്തു വരെ കടല്‍ വെള്ളം ഇരച്ചു കയറി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ തഹസില്‍ദാര്‍ അശാ എബ്രഹാമിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ഒന്നും ചെയ്യാനാകാതെ മടങ്ങി. ശക്തമായ വേലിയേറ്റമാണ് ഇതിന് കാരണമെന്നും ഏതാനും ദിവസങ്ങള്‍ കൂടി ഇത് തുടരുമെന്നും തീരദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."