HOME
DETAILS

വിശ്വാസത്തിന്റെ നക്ഷത്രശോഭ

  
backup
May 27 2018 | 03:05 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0

മാധവിക്കുട്ടി, കമലാദാസ്, കമലാ സുരയ്യ എന്നീ പേരുകളില്‍ അറിയപ്പെട്ട എഴുത്തുകാരി മലയാള സാഹിത്യചരിത്രത്തിലെ അതീവ സവിശേഷമായ ഒരു പ്രതിഭാസമായിരുന്നു. കഥകളും കവിതകളുമാണു പ്രധാനമായും അവരുടെ എഴുത്തുമേഖലകള്‍. ഭാവനയുടെയും യാഥാര്‍ഥ്യത്തിന്റെയും അതിരുകള്‍ മാഞ്ഞുപോകുക എന്നതാണ് ആവിഷ്‌കാര നൈപുണ്യത്തിന്റെ സാര്‍വകാലിക മാനദണ്ഡമായി വിലയിരുത്തപ്പെടുന്നതെങ്കില്‍ മാധവിക്കുട്ടിയുടെ കഥകളില്‍നിന്ന് മലയാളി വായനാസമൂഹം കണ്ടെടുത്തത് ഈ നൈപുണ്യത്തിന്റെ അനന്യതകളെയായിരുന്നു. 'മാധവിക്കുട്ടിയുടെ പെണ്ണുങ്ങള്‍' എന്നു സ്വന്തം കഥാപാത്രങ്ങള്‍ക്കു സവിശേഷമായൊരു വിശേഷണ മഹിമ ആര്‍ജിച്ചെടുക്കാന്‍ സാധിച്ച മറ്റൊരെഴുത്തുകാരിയോ എഴുത്തുകാരനോ മലയാളത്തിലില്ല. ഒരു സ്ത്രീ അവളുടെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റേതു മാത്രമായ ചിന്തകളിലും വൈകാരികതലങ്ങളിലും എത്തരത്തിലായിരിക്കും വര്‍ത്തിക്കുക എന്ന അന്വേഷണമാണ് മാധവിക്കുട്ടി നടത്തിയത്. ഇതിലൂടെ അവര്‍ ചെന്നെത്തിയത് സ്ത്രീകേന്ദ്രിതങ്ങളായ പ്രമേയപരിസരങ്ങളിലാണ്. 'മാധവിക്കുട്ടിയുടെ സ്ത്രീകള്‍' പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെയും സ്വയം വെളിച്ചപ്പെടലിന്റെയും ആത്മപ്രകാശനത്തിന്റെയും ശബ്ദങ്ങളെ അനുധാവനം ചെയ്തു പില്‍ക്കാല സ്ത്രീയെഴുത്തുകാര്‍ മുന്നോട്ടുവന്നു.

ഹൈന്ദവ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്നു പിന്നീട് നഗരകേന്ദ്രിതമായ ജീവിതഘട്ടങ്ങളിലേക്കു പറിച്ചുനടപ്പെട്ടതാണ് മാധവിക്കുട്ടി. അവര്‍ അനുഭവിച്ച വൈകാരിക അസന്നിഗ്ധതകളും ഏകാന്തതകളും മരവിപ്പുകളുമാണ് അവരിലെ എഴുത്തുകാരിയെ ജ്വലിപ്പിച്ചത്. കവിതയെഴുതുന്ന അമ്മയും വിശ്വസാഹിത്യം കലക്കിക്കുടിച്ച അമ്മാവനും അവരെ സ്വാധീനിച്ചു എന്നു പറയാനാവില്ല. കാരണം ആ രണ്ടുപേരുടെയും ചിന്തകളുടെ അരികുകളിലേക്കു പോലും മാധവിക്കുട്ടി എത്തിനോക്കിയിരുന്നില്ല. കൃഷ്ണഭക്തിയുടെ നേരിയൊരു സ്വാധീനം അവരിലെ കാല്‍പനികതയെ തൊട്ടിരുന്നു. അതുകൊണ്ടാണ് മാധവിക്കുട്ടിയുടെ കഥകളിലും കവിതകളിലും ഒരു മയില്‍പ്പീലിത്തിളക്കത്തിന്റെ മിന്നലാട്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടത്. ആന്തരികലോകത്ത് വിരഹത്തിന്റെ ഗാഢതകള്‍ കൊണ്ടുനടക്കുന്ന ഒരു സ്ത്രീ തന്റെ വിശ്വാസപ്രതീകത്തെ തന്റേതായ വൈകാരികശൈഥില്യങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ വ്യാഖ്യാനിക്കുന്ന സാധാരണത്വമാണ് മാധവിക്കുട്ടിയും അവരുടെ ആദ്യ ജീവിതത്തിലെ ഭക്തിയുടെ ഘടനയും തമ്മില്‍ ഉണ്ടായിരുന്നത്. ഭാവനയുടെ അതീതലോകങ്ങളെ സാധാരണ ജീവിതത്തിന്റെ വിശ്വാസ്യതയോടെ അനുഭവിപ്പിക്കുന്ന രചനാതന്ത്രത്തില്‍ അവരെത്തിയതും ആ മാനസികഘടന കാരണമായായിരുന്നു.
താന്‍ എഴുതുന്ന കഥകളും കവിതകളും യാഥാര്‍ഥ്യങ്ങളുടെ അംശങ്ങളല്ലെന്നും അവ ഭാവനയും വികാരശൈഥില്യങ്ങളും ചേരുന്ന മിശ്രിതങ്ങള്‍ മാത്രമാണെന്നുമുള്ള ഉത്തമബോധ്യത്തോടെ തന്നെയാണവര്‍ എഴുതിക്കൊണ്ടിരുന്നത്. വ്യക്തിജീവിതത്തെ എഴുത്തില്‍നിന്നു മാറ്റിനിര്‍ത്താനുള്ള ജാഗ്രത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ എഴുതുന്നതെല്ലാം അനുഭവങ്ങളാണെന്ന തരത്തില്‍ വായിക്കപ്പെട്ടു. മാധവിക്കുട്ടിയുടെ 'എന്റെ കഥ' നേരിട്ട ഏറ്റവും ക്രൂരമായ ദുര്‍വിധിയും ഇതായിരുന്നു. നഗരവല്‍കൃത ജീവിതത്തിന് അടിമപ്പെട്ട ഒരു സ്ത്രീയുടെ മൃദുലവികാരങ്ങളുണര്‍ത്തുന്ന വെളിപ്പെടുത്തലുകള്‍ എന്ന നിലയില്‍ ആത്മകഥാ പരിഗണനയോടെയും ജീവചരിത്ര തല്‍പരതയോടെയും 'എന്റെ കഥ' വായിക്കപ്പെട്ടു. അതുകൊണ്ടു തന്നെ എഴുത്തുകാരിയുടെ വ്യക്തിജീവിതത്തെ കുറിച്ച് അസാധാരണതയില്‍ കവിഞ്ഞ ചിത്രീകരണങ്ങള്‍ വായനാസമൂഹത്തില്‍ പ്രചരിച്ചു.
എന്നാല്‍, ഭാവനയുടെയും, ക്രമം തെറ്റിയ വൈകാരിക പ്രവാഹങ്ങളുടെയും, ആന്തരികലോകങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീതന്മകളുടെ ബഹിസ്ഫുരണത്തിന്റെയും പലതലങ്ങള്‍ ചേര്‍ന്നതാണ് 'എന്റെ കഥ' എന്നും അതിനെ തന്റെ ജീവിതത്തോട് ഒട്ടിച്ചുചേര്‍ത്തു ചിന്തിക്കേണ്ടതില്ലെന്നും മാധവിക്കുട്ടി പില്‍ക്കാലത്ത് പലതവണ ആവര്‍ത്തിച്ചെങ്കിലും പലരും അതുള്‍ക്കൊള്ളാന്‍ തയാറായില്ല.
എഴുത്തുകാരി എന്ന നിലയില്‍ ആദരിക്കപ്പെടുമ്പോഴും അവരുടെ വ്യക്തിജീവിതത്തെ കുറിച്ച് 'അകാല്‍പനികമായ' ഭാവനകള്‍ നെയ്‌തെടുക്കാന്‍ മത്സരിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. ഭര്‍ത്താവ് ജീവിച്ചിരിക്കെ രഹസ്യകാമുകന്മാരെ അന്വേഷിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ അവരുടെ കഥകളില്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ അവരും അത്തരക്കാരിയാണ് എന്നു ചിത്രീകരിക്കാനാണു ചിലര്‍ ബോധപൂര്‍വം തന്നെ ശ്രമിച്ചുകൊണ്ടിരുന്നത്. ഇങ്ങനെ സ്വീകരണത്തിന്റെയും തിരസ്‌കരണത്തിന്റെയും ദ്വന്ദാനുഭവങ്ങളില്‍ വീര്‍പ്പുമുട്ടിയ മാധവിക്കുട്ടിക്ക് ഒരു വിമോചനം ആവശ്യമായിരുന്നു. ആ വിമോചനത്തിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇസ്‌ലാം. തികച്ചും ആത്മാര്‍ഥവും ആത്മീയാര്‍ഥത്തിലുള്ളതും അകളങ്കിതവും ആയിരുന്നു അവരുടെ ഇസ്‌ലാംമതാശ്ലേഷം. ഏറെ വിമര്‍ശങ്ങള്‍ക്ക് അവര്‍ ഇരയായതും അതുകൊണ്ടു മാത്രമായിരുന്നു.
തന്റെ ഭൂതകാലത്തിന്റെ സന്ദേഹാത്മകതകളില്‍നിന്നും കെട്ടുപാടുകളില്‍നിന്നും മനസിനെയും ആത്മാവിനെയും സ്വതന്ത്രമാക്കുകയും ആന്തരികലോകത്ത് താന്‍ അനുഭവിക്കുന്ന വാക്കതീതമായ ഏകാന്തതയ്ക്കു പരിഹാരം കാണുകയുമായിരുന്നു ഇസ്‌ലാം ആശ്ലേഷത്തിലൂടെ കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടി ലക്ഷ്യമാക്കിയിരുന്നത്. എഴുത്തുകാരിയായ ഒരു സ്ത്രീ അനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ അവയുടെ ഏറ്റവും കൂടിയ രൂപത്തില്‍ അനുഭവിച്ചുവന്ന മാധവിക്കുട്ടി അവയില്‍നിന്നു വിശ്വാസത്തിന്റെ നവീകരണത്തിലൂടെ സ്വതന്ത്രയാകാന്‍ കൊതിച്ചു. ഭാവനകളുടെ ശ്ലഥലോകങ്ങളില്‍നിന്ന് അനശ്വരതയുടെ യാഥാര്‍ഥ്യലോകങ്ങളിലേക്കുള്ള തികച്ചും ആത്മീയമായ മാറ്റമായിരുന്നു അത്.
മതത്തിന്റെ ആള്‍ക്കൂട്ട ബഹളങ്ങളില്‍ ലയിച്ചുചേരാനായിരുന്നില്ല, അല്ലാഹുവിലുള്ള വിശ്വാസത്തിന്റെയും അവനിലുള്ള ആശ്രയത്വത്തിന്റെയും ആത്യന്തികശരണത്തിന്റെയും അലൗകികാനന്ദം അനുഭവിച്ചുകൊണ്ട് തന്റെ ജീവിതനിമിഷങ്ങളെ പ്രഭാമയമാക്കാനാണ് ഇസ്‌ലാമിനെ അവര്‍ ആശ്രയിച്ചത്. കേവലാര്‍ഥത്തിലുള്ള ഒരു മതംമാറ്റമായിരുന്നില്ല അത്. ജീവിതാവസ്ഥകളില്‍ കഠിനമായ ഏകാന്തതകളിലൂടെ കടന്നുവരികയും അതില്‍നിന്നു മോചനത്തിനു ശ്രമിക്കുകയും ചെയ്ത അവര്‍ ഇസ്‌ലാമാശ്ലേഷത്തിനുശേഷം അല്ലാഹുവിനെ സദാ ആത്മാവിന്റെ സാന്നിധ്യമാക്കി നിര്‍ത്തിക്കൊണ്ട് സ്രഷ്ടാവും താനും മാത്രമായുള്ള ഒരലൗകിക ഏകാന്തതയെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. ഈ നിലക്ക് മാധവിക്കുട്ടിയുടെ ഇസ്‌ലാംമത തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുകയുണ്ടായില്ല. എന്നാല്‍, സത്യത്തില്‍ സംഭവിച്ചത് വളരെ ആഴത്തിലുള്ള മനപ്പരിവര്‍ത്തനം തന്നെയായിരുന്നു. പൊതുസമൂഹത്തിന് ആ തലം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.
ഇസ്‌ലാം സ്വീകരിച്ചതോടെ അവര്‍ക്കെതിരായ ശത്രുതയുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ കേരളത്തിലുണ്ടായി. കേരളീയ പൊതുമണ്ഡലത്തിന്റെ ചതുപ്പിടങ്ങളില്‍ പതിയിരിക്കുന്ന മതാധിഷ്ഠിതമായ മലിനചിന്തകളത്രയും പുറത്തുവന്നു. അവര്‍ക്കു മാനസികരോഗമാണെന്നും ഭ്രാന്താണെന്നും പറയാന്‍ ആളുകളുണ്ടായി. എന്നാല്‍, നിഷ്‌കളങ്കമായ മനസോടെ അത്തരം വിമര്‍ശങ്ങളെ നോക്കിക്കണ്ട കമലാ സുരയ്യ പ്രതികരിച്ചത് 'എന്തിനാണ് ആളുകള്‍ ഞാന്‍ ഇസ്‌ലാമായത് ആലോചിച്ച് ഇത്രയധികം വിഷമിക്കുന്നത്? ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണ്ടാല്‍ പോരേ?' എന്നായിരുന്നു. അവരുടെ മതംമാറ്റത്തെ അവര്‍ സ്വയമൊരു മതംമാറ്റമായല്ല, 'അല്ലാഹുവിനെ തിരഞ്ഞെടുക്കല്‍' ആയിട്ടാണു വിശേഷിപ്പിച്ചത്. 'മതംമാറ്റം' എന്ന സാധാരണ പ്രയോഗത്തില്‍നിന്നവര്‍ അകലം പാലിച്ചു.
പക്ഷെ, ചില തല്‍പരകക്ഷികള്‍ക്ക് അവരെ മതംമാറിയ ഒരു എഴുത്തുകാരിയായി ചിത്രീകരിച്ചുനിര്‍ത്താനായിരുന്നു ഉത്സാഹം. ഇസ്‌ലാമിനെ കുറിച്ചവര്‍ ഒരു ചുക്കും പഠിച്ചിട്ടില്ലെന്നും വെറും വേഷംകെട്ടല്‍ മാത്രമാണിതെന്നും പറഞ്ഞു ചിലര്‍. എന്നാല്‍, ഇസ്‌ലാമിനെ എന്നല്ല മിക്കവാറും എല്ലാ മതങ്ങളെയും ആത്മീയദര്‍ശനങ്ങളെയും കുറിച്ച് അവര്‍ ദീര്‍ഘനാളായി പഠനം നടത്തിവരുന്നുണ്ടായിരുന്നു. ആഴമേറിയ പഠനത്തിന്റെയും മനനത്തിന്റെയും സ്വാഭാവികഫലം മാത്രമായിരുന്നു ആ ആത്മീയമാറ്റം. ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ദൈവസങ്കല്‍പത്തിന്റെ അനന്യതയെയും 'അല്ലാഹു' എന്ന ആത്യന്തിക ഉണ്‍മയുടെ അലൗകികമാനങ്ങളെയും കുറിച്ചെല്ലാം അവര്‍ വളരെ ആഴത്തില്‍ പഠിച്ചറിഞ്ഞതിന്റെ ഫലമായി സംഭവിച്ച, തികച്ചും ന്യായീകരണം അര്‍ഹിക്കുന്ന ഒരു തിരഞ്ഞെടുക്കല്‍ മാത്രമായിരുന്നു അവരുടെ ഇസ്‌ലാമാശ്ലേഷം.
കമലാ സുരയ്യ മുസ്‌ലിംകളാല്‍ വഞ്ചിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണമുണ്ടായി. എന്നാല്‍, താന്‍ ആരാലും വഞ്ചിക്കപ്പെട്ടിട്ടില്ലെന്നും ഇസ്‌ലാം സ്വീകരിച്ചതുവഴി താന്‍ വ്യക്തിപരമായും സാമൂഹികമായും കൂടുതല്‍ ആദരിക്കപ്പെടുകയാണുണ്ടായതെന്നും അവര്‍ തന്നെ വെളിപ്പെടുത്തി. 'സുരയ്യ' എന്ന അസാധാരണ പേരിനെ കുറിച്ച് അവര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് അറബ് സാഹിത്യത്തിലെയും പ്രാക്തനമായ ഭാവനകളിലെയും ഒരു നക്ഷത്രനാമമാണ് എന്നറിഞ്ഞതോടെ അവര്‍ തീര്‍ത്തും ശാന്തയാവുകയുണ്ടായി. മുസ്‌ലിം സ്ത്രീകള്‍ സാധാരണ ഉപയോഗിക്കാത്ത പേര് സ്വീകരിച്ചതുവഴി അവര്‍ മുസ്‌ലിം സ്ത്രീസമൂഹത്തില്‍നിന്നു വേര്‍തിരിവു പുലര്‍ത്തുന്നു എന്ന ആരോപണമാണ് അവരില്‍ സംശയമുണ്ടാക്കിയത്. ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് അവര്‍ക്കു ചോദിക്കേണ്ടി വന്നു. എന്നാല്‍, ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണയച്ച് അല്ലാഹുവിനെ സദാസമയവും ആത്മാവിന്റെ പ്രകാശമായി ജ്വലിപ്പിച്ചുനിര്‍ത്തി അലൗകികാനന്ദം അനുഭവിക്കുന്നതില്‍ അവര്‍ ശ്രദ്ധ പുലര്‍ത്തി. അങ്ങനെ വിശ്വാസത്തിന്റെ ആകാശവിതാനത്തില്‍ അവരൊരു സുരയ്യാ നക്ഷത്രമായി മാറുകയും ചെയ്തു.
2009 മെയ് 31ന് ഈ ലോകത്തോടു വിടപറയുമ്പോള്‍ അവര്‍ തീര്‍ത്തുമൊരു സുരയ്യയായിരുന്നു. അല്ലാഹുവില്‍ ആനന്ദം കണ്ടെത്താന്‍ വ്യഗ്രഥകൊണ്ട സത്യാന്വേഷിയായ ഒരാത്മാവിന്റെ ചിറകുകളിലാണവര്‍ അനന്തതയിലേക്ക് ഉയര്‍ന്നുപോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago