ഉറുദികള്‍ നിര്‍വഹിച്ച സാംസ്‌കാരിക വിനിമയങ്ങള്‍
വചനങ്ങളിലാണു പ്രാപഞ്ചികതയുടെ പൊരുളുകള്‍. ഉണ്മയുടെ ഉദയം സ്രഷ്ടാവിന്റെ ഇഛാനന്തര കല്‍പനകളാണ് എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. പ്രപഞ്ചത്തെ പണിതിട്ടതു പറഞ്ഞിട്ട വാക്കുകള്‍ കൊണ്ടാണെന്നു പഠിപ്പിക്കുന്ന മതത്തില്‍ മതംപറച്ചിലിന്റെ സ്ഥാനം മതത്തിന്റെ സ്ഥാനം തന്നെയാണ്. സ്രഷ്ടാവ് മതം പറഞ്ഞുകൊടുത്തു. പ്രവാചകന്മാര്‍ പറഞ്ഞുതന്നു. പ്രബോധകന്മാര്‍ പറഞ്ഞുപോയി. ആ പ്രക്രിയ അനവരതം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പറയലും കേള്‍ക്കലുമാണ് സംവേദനത്തിന്റെ ലളിതവും ഉചിതവുമായ മാര്‍ഗം. എഴുതലും വായിക്കലും സങ്കീര്‍ണവും ഔപചാരികവുമാണ്. കേള്‍ക്കാനും കാണാനും പ്രേരിപ്പിക്കുന്നതാണ് സെമിറ്റിക് ദര്‍ശനങ്ങള്‍ മൊത്തത്തില്‍. ആശയവിനിമയത്തിന്റ പൈതൃകവഴിയും അതുതന്നെ. സകല പ്രവാചകന്മാരും പറയാന്‍ വന്നവരാണ്. പാരായണം ചെയ്യുക അഥവാ ഏറ്റുചൊല്ലുക എന്നതാണ് ആദ്യകല്‍പന. ഇടനിലക്കാരനായ മാലാഖയും മതം പറഞ്ഞു കൊടുക്കുകയായിരുന്നു. മതം ആദ്യം പറഞ്ഞു പ്രചരിപ്പിച്ചതിനുശേഷമാണ് ഇതരമാര്‍ഗങ്ങള്‍ അവലംബിക്കപ്പെട്ടത്. പറഞ്ഞുണ്ടാകുന്നതെന്തിനും സുതാര്യത കൂടുതലാണ്. രംഗപശ്ചാത്തലം മനസിലാക്കിയും വാഗ്മിയുടെ വ്യക്തിത്വം ഉള്‍ക്കൊണ്ടും ശ്രോതാക്കളുമായുള്ള പാരസ്പര്യം ശക്തിപ്പെടുത്തിയും ഒരേസമയം അനേകം ബോധതലങ്ങള്‍ ഒരേ കേന്ദ്രത്തിലേക്കു വിചാരസഞ്ചാരം നടത്താന്‍ പറയുമ്പോഴും കേള്‍ക്കുമ്പോഴും സാധിക്കുന്നു.
ഒന്നാമത്തെ ഉറുദിക്കാരന്‍ മുഹമ്മദ് നബി തന്നെയാണ്. മതം തുറന്നുപറയാന്‍ കല്‍പന വന്നയുടനെ സ്വഫാകുന്നിന്റെ നെറുകയിലേക്കു സ്വന്തം ജനതയെ വിളിച്ചുവരുത്തി തിരുനബി തുടങ്ങിയ കലയാണത്. നിമിഷമുദ്രകളുടെ തിളക്കം തട്ടിയ ഒട്ടനേകം വൈചാരിക പ്രഭാഷണങ്ങള്‍ തുടര്‍ന്നുണ്ടായി. സാബിതുബിനു ഖൈസ് എന്ന ഒരു മതപ്രഭാഷകനെ തിരുനബി പ്രത്യേകം വളര്‍ത്തിയിരുന്നു. യുദ്ധഭൂമികള്‍, രാജകൊട്ടാരങ്ങള്‍, മരണവേളകള്‍ തുടങ്ങിയ ഇടങ്ങളായിരുന്നു അന്നത്തെ മതപ്രഭാഷണ വേദികള്‍. തിരുനബിയുടെ അറഫാ പ്രഭാഷണവും വിടവാങ്ങല്‍ പ്രഭാഷണവും പ്രമേയസമ്പന്നതകൊണ്ട് നിരൂപണമാപിനികളെ അതിജയിക്കുന്നവയായിരുന്നു.
ഹൃദയത്തിന്റെ നാവുകൊണ്ട് ആത്മാവിന്റെ ഭാഷയില്‍ നടത്തിയ ആശയസംവേദനത്തിന്റെ കാലമായിരുന്നു അത്. തിരുനബി പറയാന്‍ നിന്നാല്‍ സദസ്യരുടെ ശിരസുകള്‍ നിശ്ചലവും മനോതലം ചഞ്ചലവുമായിരുന്നു. പറവകള്‍ വന്നിരുന്നത് പോലെ അവര്‍ ശിരസുകള്‍ അനക്കാതെ സാകൂതം ശ്രവിച്ചിരുന്നുവെന്നാണു ചരിത്രം. പ്രവാചക പ്രഭാഷണങ്ങള്‍ ഇന്ന് ബൃഹദ്ഗ്രന്ഥങ്ങളാണ്. പെയ്തുകൊണ്ടേയിരിക്കുന്ന വചനവര്‍ഷം കണക്കെ അവ കാലദുശിപ്പിന്റെ ഊഷരതയില്‍ ഊര്‍ന്നിറങ്ങി ഇന്നും അവിടെ ഊഷ്മളതയണിയിക്കുന്നു. പരലോകത്തെ പ്രഭാഷകനായിരിക്കും ഞാനെന്ന നബിവചനം ഇവിടെ ശ്രദ്ധേയമാണ്.
വിഖ്യാത ചരിത്രകാരനായ തോമസ് ആര്‍ണോള്‍ഡ് ഠവല ുൃലമരവശിഴ ീള കഹെമാല്‍ രേഖപ്പെടത്തിയതുപോലെ സൂഫികളാണു പിന്നീട് മതപ്രഭാഷണത്തെ ജനകീയകലയാക്കിയത്. വിര്‍ദുകളുടെ അകമ്പടിയോടെ അവര്‍ നടത്തിയ സാരോപദേശങ്ങള്‍ ഒരുകാലത്ത് പതിനായിരങ്ങള്‍ക്കു മാര്‍ഗപാഠം നല്‍കി. മതം പറയല്‍ തന്നെയായിരുന്നു ആദ്യകാലത്ത് മതപ്രഭാഷകന്‍ പറലയും. മതത്തിനു ജനതയോടു പറയാനുള്ളത് പ്രഭാഷകന്റെ ശബ്ദത്തില്‍ പുറത്തുവരുന്നുവെന്നുമാത്രം. പ്രസംഗപീഠവും പ്രഭാഷകനും കേള്‍ക്കലിന്റെ ഏതോ ഒരു ഘട്ടത്തില്‍ അലിഞ്ഞമരുകയും കാണാമറയത്തെ വിശ്വാസശില്‍പങ്ങള്‍ കേള്‍വിക്കാരെ ഏറ്റെടുക്കുകയും ചെയ്യുന്ന അവസ്ഥയാവുകയും ചെയ്തിരുന്ന അത്തരം സുന്ദരമുഹൂര്‍ത്തങ്ങളില്‍ ധാരാളം പുനര്‍ജനികള്‍ നടന്നിരുന്നു. പാപി തൗബയില്‍ സ്‌നാനം ചെയ്തും ഭക്തന്‍ കണ്ണീരില്‍ ലയിച്ചുരുകിയും പോയ സന്ദര്‍ഭങ്ങളായിരുന്നു അവ. പിന്നീട് പ്രഭാഷകന്മാര്‍ 'മതത്തെ പറയാന്‍' തുടങ്ങിയതോടെ അത്തരം അനുഭൂതികള്‍ നഷ്ടപ്പെട്ടു തുടങ്ങി. പഠിക്കലും പകര്‍ത്തലും എന്ന അടിസ്ഥാനതത്വം, ആസ്വാദനം, നേരമ്പോക്ക്, പണസമ്പാദനവും ശേഖരണവും തുടങ്ങിയ അനുബന്ധങ്ങളിലേക്കു കൂടി കടന്നുവന്നതങ്ങനെയാണ്. അതിനിടയിലെവിടെയോ വച്ച് മതംപറച്ചില്‍, മതപ്രസംഗം എന്ന കലാരൂപത്തിലേക്കു വഴിമാറി.
ജീവിതഭാഗമാക്കി മാറ്റേണ്ട ധാരാളം 'ഔറാദുകള്‍'(ദിനസരികള്‍) കൈമാറ്റം ചെയ്യപ്പെട്ടതിനാലാണ് അവ 'ഉറുദികള്‍'എന്ന പേരിലറിയപ്പെട്ടത്. ഇന്നിപ്പോള്‍ മാപ്പിള ഫോക്‌ലോറുകളില്‍ ഇടംപിടിച്ച ഒരു കലാരൂപമായി ഉറുദികള്‍ രൂപാന്തരപ്പെട്ടിട്ടുണ്ട്. അലിഖിതമാണെങ്കിലും വ്യവസ്ഥാപിതമായി ആചരിച്ചുവരുന്ന ഉപക്രമ ഉപസംഹാര രീതികള്‍, സംഗീതാത്മകമായ സംവേദനശൈലി, ചേരുവകളായി ചേര്‍ക്കേണ്ട കാവ്യങ്ങള്‍, പാട്ടുകള്‍ തുടങ്ങിയവ ഉറുദിയുടെ അടിസ്ഥാനഘടകങ്ങളാണ്. അതുകൊണ്ടു തന്നെ പ്രസംഗിക്കാനറിയുന്നവര്‍ക്കെല്ലാം ഉറുദി പറയാനാകണമെന്നില്ല.
കേരളത്തിലെ സാംസ്‌കാരിക രംഗത്തും മതപ്രഭാഷണങ്ങള്‍ ചില കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിലൊന്നാണ് റമദാന്‍ ഉറുദികള്‍. റമദാന്‍ മാസത്തില്‍ പൊതുവേദികള്‍ സജീവമാകുന്നതു പോലെത്തന്നെ പള്ളികളും സജീവമായി തീരുന്നു. എല്ലാ നിസ്‌കാരങ്ങള്‍ക്കുശേഷവും പത്തോ ഇരുപതോ മിനുട്ട് ദൈര്‍ഘ്യമുള്ള പ്രഭാഷണങ്ങള്‍ ഒരു ആചാരമായി മാറി. വടക്കന്‍ കേരളത്തില്‍ ഇത് മധ്യകേരളത്തെക്കാളും തെക്കന്‍ കേരളത്തെക്കാളും വ്യാപകമാണ്. പഴമക്കാര്‍ക്കിടയില്‍ ഇങ്ങനെ പ്രസംഗിക്കാന്‍ പോവുന്നതിനു 'വടക്കോട്ട് പോവുക' എന്നൊരു പ്രയോഗം തന്നെയുണ്ട്. ഇങ്ങനെ പ്രസംഗിക്കാന്‍ വരുന്നവര്‍ക്കു കാര്യമായ സ്വീകാര്യതയാണു ലഭിക്കാറുള്ളത്. മതപഠനമേഖലയിലുള്ള വിദ്യാര്‍ഥികള്‍, മദ്‌റസാ അധ്യാപകര്‍ തുടങ്ങിയ സമൂഹത്തിന്റെ അനുകമ്പയും സ്‌നേഹവും ആവശ്യമുള്ളവരും ലഭിക്കുന്നവരുമാണു പൊതുവെ ഈ മേഖലയിലേക്കു വരാറുള്ളത്. കാര്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള ഒരു അവസരമായും ഇതിനെ മിക്കവരും ഉപയോഗപ്പെടുത്തുന്നു. പൊതുജനങ്ങള്‍ മതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉസ്താദുമാരെ സഹായിക്കാനുള്ള ഒരു വേദിയായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു.
കോലത്തുനാട്, കടത്തനാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇങ്ങനെ പ്രസംഗത്തിനുവരുന്ന ഉസ്താദുമാരെ സ്വീകരിക്കാനായി ഇന്നും പലതരത്തിലുള്ള സജ്ജീകരണങ്ങളും നടത്താറുണ്ട്. ചില വീടുകളില്‍ ദിനേനെ രണ്ടും മൂന്നും ആളുകളെ അധികമായി പ്രതീക്ഷിച്ചു നോമ്പുതുറക്കും അത്താഴത്തിനും ഭക്ഷണംവരെ കരുതിവയ്ക്കാറുണ്ട്. സ്വന്തം വീട്ടുമുറ്റത്ത് പന്തലൊരുക്കി റമദാനിലെ എല്ലാ ദിവസവും നോമ്പുതുറയും അത്താഴവും ഒരുക്കുന്നവരുമുണ്ട്. റമദാനിലെ തങ്ങളുടെ ദാനധര്‍മങ്ങളെ വീതംവയ്ക്കുന്ന പണക്കാര്‍ ഉറുദിക്കുവരുന്ന ഉസ്താദുമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നല്ലൊരു വിഹിതം തന്നെ മാറ്റിവയ്ക്കുന്ന ശീലം പലപ്രദേശങ്ങളിലും വ്യാപകമാണ്. സമൂഹത്തിന്റെ ബാധ്യതയായ മതപഠനത്തിനു വരുന്നവരെ സഹായിക്കാന്‍ സമൂഹം തന്നെ താല്‍പര്യം കാണിക്കുകയായിരുന്നു.
സാങ്കേതിക സന്നാഹങ്ങളോടെയും ആസൂത്രിതമായ മുന്നൊരുക്കങ്ങളോടുകൂടിയും സംഘടിപ്പിക്കപ്പെടുന്നതിനു മതപ്രഭാഷണമെന്നും ആകസ്മികമായും ലളിതമായും നടുവരുന്നതിന് 'ഉറുദികള്‍'എന്നും പറയുന്ന രീതിയാണ് ഇന്നത്തേത്. ആധുനിക വിഷയങ്ങളും ഭാഷാസാഹിത്യങ്ങളും സഹിതം പറയുമ്പോള്‍ പ്രഭാഷണവും അതൊന്നുമില്ലാത്ത നാടന്‍പറച്ചിലുകള്‍ ഉറുദികളും എന്നൊരു പൊതുധാരണയും ഇല്ലാതല്ല. അടിസ്ഥാനപരമായി ഇവകളെ 'വഅദുകള്‍' എന്ന പൊതുനാമം ഏകോപിപ്പിക്കുന്നു. മുന്നറിയിപ്പും താക്കീതും സുവിശേഷവും ഉള്ളടങ്ങിയ ഉപദേശമാണ് 'വഅദ് '.
സാമൂഹിക ഇടപെടലിന്റെ ഏറ്റവും ശക്തമായ വേദിയായി മതപ്രഭാഷണത്തെ ഉപയോഗപ്പെടുത്തുന്ന രീതി ഇന്നു വളര്‍ന്നിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സ്ഥാപന നിര്‍മാണ ധനശേഖരണത്തിനും നടക്കുന്നവയാണു രണ്ടാമത്. വ്യവസ്ഥാപിതമായി നടന്നുവരുന്ന മതപഠന മാര്‍ഗമെന്ന നിലയില്‍ ഭക്തിപുരസ്സരം നടക്കുന്ന മൂന്നാമതൊരിനം കൂടിയുണ്ട്. എങ്ങനെ വന്നാലും സനാതനധര്‍മങ്ങളിലേക്കു തിരിഞ്ഞുനടക്കാന്‍ അനേകം പേര്‍ക്ക് അത്തരം സദസുകള്‍ സഹായകമാവാറുണ്ട്.
പാതിരാപ്രഭാഷണങ്ങളാണു സത്യത്തില്‍ കേരളീയ മുസ്‌ലിമിനെ ഇക്കാണുന്ന ചേലില്‍ ഒത്തൊപ്പിച്ചുനിര്‍ത്തിയത്. 'വമ്പിച്ച വഅദ് പരമ്പര'എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് നോട്ടിസിന്റെ കാലത്ത് 40ഉം 50ഉം ദിവസങ്ങള്‍ തുടര്‍ച്ചയായി വഅദുകള്‍ നടന്നിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പത്രങ്ങളും റേഡിയോയും അപൂര്‍വം കിട്ടുന്ന അവര്‍ക്കു വിദൂരവിഷയങ്ങള്‍ അനാവശ്യമായിരുന്നു. പാതിരാത്രി മുതല്‍ പുലര്‍ച്ചവരെ വഅദുകള്‍ നീണ്ടുപോകുമായിരുന്നു. ബുര്‍ദയിലെ 'യാ അക്‌റമ' ബൈത്ത് നീട്ടിക്കാച്ചി ആലപിക്കുന്നതോടെ ആളുകള്‍ സദസിലേക്കു കടന്നിരിക്കും. വിദൂരദേശങ്ങളില്‍നിന്നു പോലും ചൂട്ടും കത്തിച്ച്, കുട്ടികള്‍ക്കു കിടന്നുറങ്ങാനുള്ള പായയും ചുരുട്ടി സ്ത്രീകളടക്കം എത്തുമായിരുന്നു. വയദിന്റെ ഇടവേളകളില്‍ ഉസ്താദ് വെറ്റില മുറുക്കി റിലാക്‌സെടുക്കും, സദസ്യര്‍ക്ക് അത്രനേരം ചൊല്ലാന്‍ ഏതെങ്കിലും ഓത്തോ ബൈത്തോ ഉണ്ടാവും. ഒടുവില്‍ ലേലം വിളി നടക്കും. കോഴിമുട്ട, സംസം വെള്ളം, പഴങ്ങള്‍, പച്ചക്കറികള്‍, പൂവന്‍കോഴി, പലഹാരങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവ വന്‍വിലയില്‍ ചെലവാകും. നര്‍മവും തമാശയും പറഞ്ഞ് ഉസ്താദ് രംഗം കൈയിലെടുക്കും. അങ്ങനെ കിട്ടിയ നാണയത്തുട്ടുകള്‍കൊണ്ടാണ് ഇന്നാട്ടില്‍ മതകേന്ദ്രങ്ങള്‍ പൊങ്ങിയത്.
യാത്രാസൗകര്യം വര്‍ധിച്ചതോടെ ഒരാള്‍ക്കുപകരം വിവിധയാളുകള്‍ വയദു പറയുന്ന രീതി വന്നു. നാല്‍പതു ദിവസം നീണ്ടുനിന്നിരുന്നവ ഒരാഴ്ചയിലേക്കു ചുരുങ്ങി. കര്‍മശാസ്ത്രവിഷയങ്ങള്‍ക്കു പുറമെ, ചരിത്രവും ഖുര്‍ആന്‍ പഠനവും രംഗത്തുവന്നു. മരണവും അനന്തര ജീവിതവും, വഴിതെറ്റുന്ന യുവത, ബദ്‌രീങ്ങളുടെ മഹത്വം, മാതാപിതാക്കളോടുള്ള കടമകള്‍, ഉത്തമദാമ്പത്യം തുടങ്ങിയ പ്രസംഗ തലക്കെട്ടുകള്‍ കാലങ്ങളോളം തുടര്‍ന്നു. നിരന്തര വഅദുകളുടെ മടുപ്പു മാറ്റാനായി 'ഇസ്‌ലാമിക കഥാപ്രസംഗം' എന്ന ഒരിനം കലാരൂപം രംഗത്തുവന്നത് ഈ ഘട്ടത്തില്‍ തന്നെയാണ്. ആ താവഴി ഇന്നും സമ്പന്നമാണെങ്കിലും അവതരണകലയുടെ ഭാഗമായി വരുന്ന അതിശയോക്തിയും അര്‍ധനുണകളും കോമിക് നാടകങ്ങളും പ്രബുദ്ധ സമുദായത്തിന്റെ നിരാകരണത്തിലേക്ക് അവയെ നയിച്ചു എന്നതാണ് ഒരു ശരി. സത്യസന്ധമായ കഥാവതരണങ്ങള്‍ നടത്തുന്ന കാഥികരും ഇല്ലാതല്ല.
റിക്കാര്‍ഡിങ് സൗകര്യം വന്നതോടെ മതപ്രഭാഷണം അതിവിപുലമായ കച്ചവടസാധ്യതയുടെ വാതിലുകള്‍ തുറക്കുകയായിരുന്നു. അവിടെ പുതിയ തൊഴില്‍മുഖങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രൊഫഷനലിസത്തിന്റെ ഔപചാരികതകളില്‍ കുടുങ്ങി മതപ്രഭാഷണത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു. വാടക പറഞ്ഞുറപ്പിക്കുന്ന തൊഴിലായി ചിലര്‍ മതപ്രഭാഷണങ്ങളെ തരംതാഴ്ത്തി. ഇടര്‍ച്ചയുള്ള ശബ്ദയന്ത്രങ്ങളുടെ പേരില്‍ സംഘാടകരെ പരസ്യമായി ശകാരിക്കുന്ന അഹങ്കാരികള്‍ പണ്ഡിതവേഷമണിഞ്ഞു മതം പറച്ചിലിനു വന്നുതുടങ്ങി. ഒടുവില്‍ 'മതം ധൂര്‍ത്തിനെതിരേ' എന്ന വിഷയം അവതരിപ്പിക്കാന്‍ കോടികളെറിഞ്ഞ ദുരന്തംവരെ നാടുകാണേണ്ടി വന്നു. എഴുതിയ വാക്കുകളുടെ എണ്ണം നോക്കി പ്രതിഫലം നല്‍കിയ ഉമവിയ്യ-അബ്ബാസിയ്യ കാലഗാഥകള്‍ സ്മരണീയമാണ്. അവരില്‍ പലരും ലോകപ്രശസ്ത പണ്ഡിതരാണു താനും.
സംഘടനാധിക്യത്തിന്റെ തല്ലും തള്ളുമേല്‍ക്കാത്ത മതപ്രഭാഷണങ്ങളായിരുന്നു ഏറെ സുന്ദരവും ഹൃദ്യവും. ശുകപുരം ഉസ്താദ്, പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, സി.എച്ച് ഐദ്രൂസ് മുസ്‌ലിയാര്‍, പൂന്താവനം അബ്ദുല്ല മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് തുടങ്ങിയവര്‍ കാലങ്ങളോളം പറഞ്ഞും പഠിപ്പിച്ചും മുന്നേറിയവരായിരുന്നു. എം.എം ബഷീര്‍ മുസ്‌ലിയാരും വൈലിത്തറയും പുതിയൊരു പ്രഭാഷണ സംസ്‌കാരത്തിനു തുടക്കം കുറിച്ചവരില്‍ പ്രമുഖരാണ്. രാഷ്ട്രീയവും അന്താരാഷ്ട്ര വിശേഷങ്ങളും കലര്‍ത്തി ശ്രോതാക്കള്‍ക്ക് ഒരേ വേദിയില്‍ മള്‍ട്ടി ശ്രവണഫലം നല്‍കിയ അബ്ദുന്നാസര്‍ മഅദ്‌നിയും മതപ്രഭാഷണ രംഗത്തു വേറിട്ട വീഥിവെട്ടി ശ്രദ്ധേയനായി. ആ ശൈലിയുടെ സുധാഭേദങ്ങളാണ് ഇപ്പോഴത്തെ പലതും.
എന്നാല്‍, ഇവരെക്കാളേറെ സ്വന്തവും സുന്ദരവുമായ മൗലികനാദത്തിലൂടെ മതംപറച്ചിലിന്റെ അസാധാരണതലം മലയാളിക്കു നല്‍കിയത് അബ്ദുസ്സമദ് സമദാനിയാണ്. കല, സാഹിത്യം, രാഷ്ട്രീയം, ചരിത്രം തുടങ്ങിയ പൊതുവിജ്ഞാനങ്ങള്‍ പ്രവാചകദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പതിറ്റാണ്ടുകളായി പറഞ്ഞുവരുന്നു. മതേതരമായ മതപ്രഭാഷണമാണ് അദ്ദേഹം നിര്‍വഹിച്ചത്. 'മദീനയിലേക്കുള്ള പാത'യിലൂടെ തലമുറകളുടെ വിഭിന്നങ്ങളായ അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിലും വിഭാഗീയതയുടെ മുകളില്‍ തന്റെ വ്യക്തിത്വം പ്രതിഷ്ഠിക്കുന്നതിലും സമദാനിയോളം മറ്റൊരു പ്രഭാഷകനും വിജയിച്ചിട്ടില്ല. പറയുകയോ പാടുകയോ അല്ലാത്ത വശ്യശൈലിയില്‍ ഇഖ്ബാല്‍ കവിതകളുടെ സ്വരസരിത്തും പ്രവാചകപ്രകീര്‍ത്തനത്തിന്റെ അന്തര്‍ധാരയുമാണ് സമദാനിയുടെ വാക്കരുത്ത്. ഇന്ന് തലങ്ങും വിലങ്ങും ചിതറിത്തെറിച്ച ആയിരക്കണക്കിനു മതപ്രഭാഷകര്‍ മേല്‍പറഞ്ഞവരുടെ സ്വരശൈലീഭേദങ്ങള്‍ അറിഞ്ഞോ അറിയാതെയോ അനുകരിക്കുന്നവരാണ്. അപൂര്‍വംചിലര്‍ സ്വതസിദ്ധശൈലി വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
പുതിയ മതപ്രഭാഷകരില്‍ ഗവേഷണനിരതമായ വിഷയവൈവിധ്യത്താല്‍ റഹ്മത്തുല്ല ഖാസിമി തന്റേതായ ഒരിടം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. വളര്‍ന്നുവരുന്നവരില്‍ സംക്ഷിപ്ത സുന്ദരമായ വിഷയസമര്‍പ്പണംകൊണ്ടും രാജ്യാന്തരീയ പ്രബോധനശൈലിയുടെ പിന്തുടര്‍ച്ചകൊണ്ടും സിംസാറുല്‍ ഹഖ് ഹുദവി ശ്രദ്ധേയനാണ്.
മതഭൗതിക സമന്വയ പഠിതാക്കളുടെ കടന്നുവരവോടെ മതപ്രഭാഷണത്തിന്റെ രീതിശാസ്ത്രത്തില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്. ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച പോലെ കൈകെട്ട് മസ്അലകളില്‍നിന്നു കൈവെട്ട് മസ്അലകളിലേക്കു കൈവിട്ടുപോയ മതചര്‍ച്ചാ വേദികളും മറ്റൊരു ഭാഗത്തുണ്ട്. പറഞ്ഞുപോകുന്ന വാക്കുകള്‍ കാലങ്ങളുടെ രേഖയാകുന്ന ഇക്കാലത്ത് അപക്വമായി സ്വന്തം തോന്നലുകള്‍ ഛര്‍ദിക്കുന്നവരാണ് ഏറെ കഷ്ടം. പരിഹാസത്തിന്റെ ഇരകളായി ഒരു സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ നേര്‍ച്ചനേര്‍ന്നവരാണവര്‍. സോഷ്യല്‍ മീഡിയയിലെ പബ്ലിക് ഗ്രൂപ്പുകളില്‍ മിനുട്ടുകള്‍ക്കകം വൈറലാകുന്ന അത്തരം കോമഡികള്‍ ചിലര്‍ 'അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കാന്‍' നടത്തുന്നതാണ് എന്നതാണ് സങ്കടകരം. 'തെറിവിളി' എന്ന് യൂട്യൂബില്‍ സര്‍ച്ച് ചെയ്താല്‍ കാണാവുന്ന വിഡിയോകളില്‍ സിനിമാവില്ലന്മാരെക്കാള്‍ അധികം കിട്ടുന്നത് 'മദ'ത്തിന്റെ പോരാളികളെയാണ്. ചൂട്ടും കത്തിച്ച് വഅദ്‌കേള്‍ക്കാന്‍ പോയവരുടെ പേരക്കുട്ടികള്‍ എല്‍.സി.ഡി മിമ്പറില്‍ കയറ്റിയതിന്റെ അനിവാര്യ ദുരന്തമാണതെന്നു തന്നെ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."