നിപാ: മെഡി. കോളജില്‍ ഗുരുതര രോഗികള്‍ മാത്രം
ചേവായൂര്‍: നിപാ വൈറസ് ഭീതികാരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു രോഗികള്‍ ഒഴിഞ്ഞുപോകുന്നു. ആശുപത്രി വാര്‍ഡുകളില്‍ ഇപ്പോള്‍ കഴിയുന്നത് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ മാത്രം. വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളില്‍ നിരവധിപേരെ ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്യുകയോ താല്‍ക്കാലികമായി വീട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യുകയാണ്.
നിപാ വൈറസില്‍ നിന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഗുരുതരമല്ലാത്ത രോഗികളെ ഡോക്ടര്‍മാര്‍ വീട്ടിലേക്കു തിരിച്ചയക്കുന്നത്. ഓപറേഷന്റെ തിയതി കാത്തുകഴിയുന്ന നിരവധിപേരെ ഡിസ്ചാര്‍ജ് ചെയ്യാതെ കുറച്ച് ദിവസങ്ങള്‍ക്കു ശേഷം തിരിച്ചെത്താവുന്ന വിധം സ്വയം എഴുതിവച്ച് പോകാനാണ് എല്ലുരോഗ വിഭാഗത്തില്‍ നിന്നു നിര്‍ദേശിക്കുന്നത്. സര്‍ജറി വാര്‍ഡിലും സമാന സ്ഥിതിയാണ്. മെഡിസിന്‍ വാര്‍ഡില്‍ ഗുരുതരമല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. പനി ബാധിച്ചു ചികിത്സയില്‍ കഴിയുന്നവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
അത്യാഹിത വിഭാഗത്തിലെയും ഒ.പിയിലെയും അവസ്ഥ വളരെ ദയനീയമാണ്. രോഗിയെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അവസ്ഥയിലാണു ഡോക്ടര്‍മാര്‍. മിനുട്ടുകള്‍ ഇടവിട്ട് സൈറണ്‍ മുഴക്കി ഓടിയെത്തുന്ന ആംബുലന്‍സുകളെയും കാണാനില്ല. ഭീതികാരണം അപകട രോഗികളെല്ലാം സ്വകാര്യ ആശുപത്രികളിലേക്കാണു പോകുന്നത്. ചെറിയ കേസുകളുമായി എത്തുന്നവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പറഞ്ഞുവിടുകയാണ്. ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും കുറവാണ്.
പനി ബാധിച്ച് വരുന്നവരെ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ഇരുപത്തഞ്ച് വര്‍ഷത്തെ സര്‍വിസിനിടയില്‍ ആശുപത്രി ഇത്രയും വിജനമായി കണ്ടത് ഇതാദ്യമാണെന്ന് സീനിയര്‍ ഹെഡ്‌നഴ്‌സ് പറയുന്നു. വൈറസ് രോഗങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭീതിയോടെ ജനം വീക്ഷിച്ചത് നിപാ വൈറസിനെയാണെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."