മുല്ലശ്ശേരി: കാര്‍ഷിക വികസനത്തിന് ഊന്നല്‍
മുല്ലശ്ശേരി: കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കി മുല്ലശ്ശേരി പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. കൃഷിഭൂമി തരിശിടുന്നത് ഒഴിവാക്കാന്‍ 'തരിശുരഹിത ഗ്രാമം' പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് മുല്ലശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പ്ലാന്‍ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം നീക്കിവച്ചു. യുവതി-യുവാക്കളുടെ കലാ-കായിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് മുല്ലശ്ശേരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമി രൂപീകരിക്കും.
പ്രധാന റോഡുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക്‌രഹിത പഞ്ചായത്തിന് ഊന്നല്‍ നല്‍കും. എല്ലാവര്‍ക്കും ഭൂമി, വീട് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിനായി ഒരുകോടി രൂപ വകയിരുത്തി. 16.9 കോടി വരവും 15.62 കോടി ചെലവും 47.03 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രലേഖ മനോജ് അവതരിപ്പിച്ചു. പ്രസിഡന്റ് എ.കെ ഹുസൈന്‍ അധ്യക്ഷനായി.
പഞ്ചായത്തില്‍ നെല്‍കൃഷി വ്യാപകമായി നശിച്ച പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബജറ്റില്‍ തുക വകയിരുത്തിയില്ലെന്ന് പ്രതിപക്ഷനേതാവ് പി.കെ രാജന്‍ കുറ്റപ്പെടുത്തി. ഹൈടെക് ആക്കുന്ന പെരവല്ലൂര്‍ ഗവ. സ്‌കൂളിന് പഞ്ചായത്ത് തുക വകയിരുത്തിയില്ലെന്നും ആരോപിച്ചു. പ്രതിപക്ഷ കോണ്‍ഗ്രസ് അംഗങ്ങള്‍ ബജറ്റില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."