വീരമലക്കുന്നില്‍ മണ്ണെടുപ്പ് വ്യാപകം
ചെറുവത്തൂര്‍: ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണെടുപ്പ് വ്യാപകം. എഴുപത് എക്കറോളം വിസ്തൃതിയുള്ള കുന്നിന്റെ താഴ്‌വാരങ്ങളില്‍ നിന്നാണ് മണ്ണിടിച്ചു കടത്തുന്നത്. ദേശീയപാതയോരത്ത് മയ്യിച്ചയില്‍ കുന്നിന്റെ നല്ലൊരു ഭാഗം ഇടിച്ചു കഴിഞ്ഞു. തന്ത്രപരമായാണ് ഇവിടുത്തെ മണ്ണെടുപ്പ്. കുന്നിന്റെ താഴ്‌വാരങ്ങളില്‍ ധാരാളം മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവയ്ക്കിടയിലൂടെ പ്രത്യേക വഴിയുണ്ടാക്കിയിട്ടുണ്ട്.
പുറംഭാഗത്തെ മരങ്ങള്‍ മറയാക്കി ഉള്ളില്‍ നിന്നാണ് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് എടുക്കുന്നത്. പുലര്‍ച്ചെയാണ് മണ്ണ് കൊണ്ടുപോകുന്നത്. മഴശക്തമായാല്‍ കുന്നിടിച്ചിലിനു സാധ്യത ഏറെയാണ്. വീരമലക്കുന്നിനു മുകളിലേക്കുള്ള റോഡിന്റെ ഏതാണ്ട് അരകിലോമീറ്റര്‍ മാറിയും വ്യാപകമായി മണ്ണ് ഇടിക്കുന്നുണ്ട്.
പരാതി പറഞ്ഞാല്‍ റവന്യു വകുപ്പ് അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വീരമലക്കുന്നിനു മുകളില്‍ കളിക്കളം, കുട്ടികള്‍ക്കായി ഉല്ലാസകേന്ദ്രം, റോപ് വെ, തേജസ്വിനിയില്‍ നിന്നു വീരമലക്കുന്നിലേക്ക് എത്തുന്നതിനായി പ്രത്യേകം ബോട്ട് സൗകര്യം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഏറെ ആകര്‍ഷകമാണ് കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ചകള്‍.
തേജസ്വിനിയുടെയും സമീപപ്രദേശങ്ങളുടെയും മനോഹാരിത ഇവിടെ നിന്ന് ആസ്വദിക്കാം. മാത്രമല്ല, ഡച്ചുകാര്‍ പണിത കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഇന്നും കാണാം. അപൂര്‍വ സസ്യവൈധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ടൂറിസം പദ്ധതിക്കുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് മണ്ണെടുപ്പ് രൂക്ഷമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."