പെരുന്നാള്‍ വിപണിയിലെ തിരക്ക്: ഗതാഗതക്കുരുക്കിലമര്‍ന്ന് തിരൂര്‍
തിരൂര്‍: പെരുന്നാള്‍ വിപണിയില്‍ തിരക്കേറിയതോടെ തിരൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിവായി. രാവിലെയും വൈകുന്നേരങ്ങളിലും മാത്രമല്ല മറ്റ് സമയങ്ങളിലും നഗരത്തില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്.
ചെറുതും വലുതുമായ വാഹനങ്ങള്‍ ഏറെ നേരം റോഡില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്നാണ് പലപ്പോഴും റോഡിലെ കുരുക്ക് അഴിക്കുന്നത്. നഗരത്തില്‍ ആവശ്യത്തിന് ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതും നിയന്ത്രണത്തിന് തടസമാകുന്നുണ്ട്. തിരൂര്‍ നഗരത്തില്‍ ശാസ്ത്രീയമായ ട്രാഫിക് സംവിധാനമില്ലാത്തതും പ്രശ്‌നമാണ്.
ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് പരിസരം, തിരൂര്‍ സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഇടവിട്ട് ഗതാഗതകുരുക്കുണ്ടാകുന്നത്. ചെറിയ വാഹനങ്ങള്‍ ട്രാഫിക് മര്യാദകള്‍ പാലിക്കാതെ കടന്നുവരുന്നതും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സമയം നഷ്ടമാകുമെന്ന കാരണത്താല്‍ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതുമാണ് പലപ്പോഴും ഗതാഗതക്കുരുക്കിനിടയാക്കുന്നത്. വരും ദിവസങ്ങളില്‍ വിപണിയില്‍ തിരക്കേറുന്നതോടെ നഗരത്തിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."