കായിക 'കുതിപ്പി'നൊരുങ്ങി ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'ഗോത്രവിദ്യ'യുടെ ഭാഗമായി എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 ദിവസമായി ഡയറ്റില്‍ നടന്നുവന്ന കായികപരിശീലന പരിപാടി 'കുതിപ്പ് ' സമാപിച്ചു. സര്‍വജന ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ് പദ്ധതി വിശദീകരിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതശശി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഫാ. ടോണി കോഴിമണ്ണില്‍, സുരേഷ്ബാബു, വി.വി യോയാക്കി, കെ.പി വിജയിടീച്ചര്‍, സര്‍വജന ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ സംസാരിച്ചു. 36 വിദ്യാലയങ്ങളില്‍ നിന്നും 5, 6, 7 ക്ലാസുകളില്‍ പഠിക്കുന്ന 142 വിദ്യാര്‍ഥികളാണ് അടിസ്ഥാന കായിക പരിശീലന പരിപാടിയായ 'കുതിപ്പി'ല്‍ പങ്കെടുത്തത്.
സര്‍വജന ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമായാണ് പരിശീലനം നടത്തിയത്. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഖൊ-ഖൊ, അത്‌ലറ്റിക്‌സ് എന്നിവയിലാണ് അഞ്ചു ഗ്രൂപ്പുകളിലായി പരിശീലനം നല്‍കിയത്.
ഓരോ ഇനത്തിലും രണ്ടു ദിവസം വീതം പരിശീലനം ലഭ്യമാക്കി. കായികക്ഷമതാ പരീക്ഷയും നടത്തി. തുടര്‍പരിശീലനം ലഭ്യമാക്കിയാല്‍ ദേശീയതല മികവുപുലര്‍ത്തുന്ന താരങ്ങളാകാന്‍ സാധ്യതയുള്ളവര്‍ ക്യാംപില്‍ ഉണ്ടെന്ന് ക്യാംപിന് നേതൃത്വം നല്‍കിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് താലിബ് പറഞ്ഞു.
കെ.പി വിജയ ടീച്ചര്‍, വി.വി യോയാക്കി, ബിജേഷ് കെ ജോര്‍ജ്, കെ സുരേഷ്ബാബു എന്നിവരുടെയും എസ്.എസ്.എയുടെ കീഴില്‍ ജില്ലയിലുള്ള കായികാധ്യാപകരുടെയും നേതൃത്വത്തിലാണ് പരിശീലനം നടന്നത്.
കായിക മന്ത്രി എ.സി മൊയ്തീന്‍, ഒളിമ്പ്യന്‍ ഒ.പി ജയ്ഷ, ഏഷ്യാഡ് ജേതാവ് അബൂബക്കര്‍, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി എന്നിവര്‍ വിവിധ ദിവസങ്ങളിലായി ക്യാംപ് സന്ദര്‍ശിച്ചു. പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും എസ്.എസ്.എ ജഴ്‌സി, ഷൂ, സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."