അധ്യയന വര്‍ഷം ആരംഭിക്കാറായി; കൗണ്‍സിലര്‍മാരെവിടെ?
മലപ്പുറം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ജില്ലയിലെ വിദ്യാലയങ്ങളില്‍ കൗണ്‍സിലര്‍മാരെ നിയമിച്ചില്ല. 338 യു.പി സ്‌കൂളുകളും 192 ഹൈസ്‌കൂളുകളും 96 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമുള്ള ജില്ലയില്‍ ഇതുവരെ 54 സ്‌കൂളുകളില്‍ മാത്രമാണ് കൗണ്‍സിലര്‍മാരെ നിയമിച്ചത്.
കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും വര്‍ധിക്കുന്ന സാഹചര്യത്തിലും കൗണ്‍സിലര്‍മാരുടെ നിയമനം നീണ്ടുപോകുകയാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ സ്ഥിരം കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടന്നിട്ടില്ല. മിക്ക എയ്ഡഡ് സ്‌കൂളുകളിലും കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടില്ല.
കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ തുറന്നുപറയാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് 2009ല്‍ സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാര്‍ഥികള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍, അതിക്രമങ്ങള്‍, ലഹരിയുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ മിക്കപ്പോഴും കൗണ്‍സിലര്‍മാര്‍ മുഖേനയാണ് പുറത്തുവരാറുള്ളത്.
കൗണ്‍സിലര്‍മാര്‍ക്ക് ശമ്പളം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സാമൂഹിക നീതി വകുപ്പാണ് നല്‍കുന്നത്. കൗണ്‍സിലിങ് മുറികള്‍ ഒരുക്കുക മാത്രമാണ് സ്‌കൂള്‍ ചെയ്യേണ്ടത്. കൗണ്‍സിലിങ്ങില്‍ മുന്‍പരിചയമുള്ള എം.എസ്.ഡബ്ലിയു, എം.എ സൈക്കോളജി യോഗ്യതയുള്ളവരെയാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നത്. 12,500 രൂപയായിരുന്ന വേതനം 18,750 രൂപയായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.
ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍വരെ തൊണ്ണൂറോളം പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ മാസം മാത്രം 25 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 46 പോക്‌സോ കേസുകളാണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
വിദ്യാര്‍ഥികള്‍ക്കിടയിലും സ്‌കൂള്‍ പരിസരങ്ങളിലും ലഹരി ഉപയോഗവും വില്‍പനയും വ്യാപകമായി നടക്കുമ്പോള്‍ പുതിയ അധ്യയന വര്‍ഷത്തിലെങ്കിലും കൂടുതല്‍ സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരെ നിയമിക്കണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."