സുരക്ഷയില്ലാതെ കൊണ്ടുവന്ന പാല്‍ പിടികൂടി
പുനലൂര്‍: സുരക്ഷയില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന 2015 ലിറ്റര്‍ പാല്‍ പിടികൂടി. തെന്മലയില്‍ പുതുതായി ആരംഭിച്ച ക്ഷീര ചെക് പോസ്റ്റിലാണ് പാലുമായി തമിഴ് നാട്ടിലെ സുരണ്ടയിലെ ശ്രീ കണ്ണന്‍ ഡയറി ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ പിക്കപ്പ് വാഹനം പിടികൂടിയത്. മതിയായ ശീതീകരണ സംവിധാനമില്ലാതെയാണ് പാല് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്നുദിവസമായി പരിശോധനയ്ക്ക് വിധേയമാകാതെ കടന്നു പോവുകയായിരുന്നു.
കളമശ്ശേരിയിലെ ഒരു സ്ഥാപനത്തിലേക്ക് വിതരണം ചെയ്യാനാണ് പാല് കൊണ്ടുവന്നത്. പിടികൂടിയ വാഹനം ഫുഡ് സേഫ്റ്റി അധികൃതര്‍ കൈമാറി.
ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ച് അഞ്ച് ഡിഗ്രി സെല്‍ഷ്യസിന് താഴെ തണുപ്പിച്ച് അതേ സെല്‍ഷ്യസില്‍ തന്നെ ശീതീകരണ സംവിധാനമുള്ള വാഹനത്തിലാണ് പാല്‍ കൊണ്ടുപോകേണ്ടത്. എന്നാല്‍ പിടികൂടിയ വാഹനത്തില്‍ യാതൊരു വിധ ശീതീകരണ സംവിധാനവും ഒരുക്കിയിരുന്നില്ല.
കൂടാതെ കൊല്ലം ഉമയനല്ലൂരിലെ ഒരു സ്ഥാപനത്തിലേക്ക് ടാങ്കറില്‍ കൊണ്ടുവന്ന പാലും പിടികൂടി. തെന്മലയിലെ ക്ഷീര ചെക് പോസ്റ്റില്‍ പരിശോധനയ്ക്കായി വാഹനം നിര്‍ത്താതെ പോയതോടെ ഇടമണില്‍ വച്ച് ഹൈവെ പൊലിസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ പാലില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല.
സീനിയര്‍ ഡെയറി എക്‌സ്റ്റെന്‍ഷന്‍ ഓഫിസര്‍ സുബ്രമണ്യപിള്ള, ലാബ് ടെക്‌നീഷ്യന്‍ മുരളീധരന്‍, പി. ഷൈജു എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം 18 വാഹനങ്ങളിലായി മൊത്തം 79,698 ലിറ്റര്‍ അസംസ്‌കൃത പാലും, 30,665 ലിറ്റര്‍ കവര്‍ പാലും ചെക്ക് പോസ്റ്റ് വഴി കടത്തിവിട്ടതായി ഇവര്‍ അറിയിച്ചു. ഇതില് 38,500 ലിറ്റര്‍ പാല്‍ കൊല്ലം ജില്ലയിലേക്കും ബാക്കിയുള്ളത് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കുമായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."