ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എയര്‍സ്ട്രിപ്പ് വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി നല്‍കവേയാണു വിവാദമായേക്കാവുന്ന ചില വന്‍കിട പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന സൂചന മുഖ്യമന്ത്രി നല്‍കിയത്.
പ്രധാന ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുന്നത് ആലോചിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ആവശ്യമായ എയര്‍സ്ട്രിപ്പുകള്‍ ടൂറിസം വികസനത്തിന് ഉപകരിക്കും. എതിര്‍പ്പുകള്‍ മറികടന്നു കോഴിക്കോട് വിമാനത്താവള വികസനത്തിനു സ്ഥലമേറ്റെടുക്കണം. ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിച്ചു വാതക പൈപ്പ്‌ലൈന്‍ പദ്ധതി ഉടന്‍ നടപ്പാക്കണം. ദേശീയപാത നാലുവരിയില്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും സ്ഥലം വിട്ടുകൊടുക്കുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അവശത അനുഭവിക്കുന്നവരെ സഹായിക്കാനായി കോര്‍പറേറ്റുകളുടെ ഫണ്ടും സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു കണ്‍സോര്‍ഷ്യത്തിനു രൂപം നല്‍കണം. ശക്തമായ ഭരണനിര്‍വഹണം, വ്യക്തമായ നയസമീപനവും കൃത്യമായ നടത്തിപ്പും, അവശതയനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങ്, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ ജനസേവകരാകണമെന്നും പ്രവാസി നിക്ഷേപം നന്നായി ഉപയോഗിക്കണമെന്നും പറഞ്ഞ അദ്ദേഹം, തീര്‍ഥാടന ടൂറിസത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വ്യവസായരംഗത്തു സംസ്ഥാനത്തെ രാജ്യത്ത് ഒന്നാമതെത്തിക്കുന്നതിനായി വ്യവസായ നയം രൂപീകരിക്കും.
കാര്‍ഷികവിപ്ലവം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും കൃഷി ആദായകരമായ തൊഴിലാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ആരെയും കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കില്ല. വനിതാപൊലിസുകാര്‍ മാത്രമുള്ള സ്റ്റേഷനുകളും സ്ത്രീകള്‍ക്കു മാത്രമുള്ള കോടതികളും സ്ഥാപിക്കണമെന്നും പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."