സ്ത്രീ കൂട്ടായ്മയില്‍ നിര്‍മിച്ചത് 20 കോല് താഴ്ചയുള്ള കിണര്‍
നിലമ്പൂര്‍: കാഞ്ഞിരംപാടത്ത് സ്ത്രീ ശക്തിയില്‍ നിര്‍മിച്ചത് 20 കോല് താഴ്ചയുള്ള കിണര്‍. 36,000 രൂപ എസ്റ്റിമേറ്റില്‍ 139 പ്രവൃത്തി ദിവസങ്ങളിലായി മല്ലപ്പള്ളി അപ്പുവിന്റെ വീട്ടുമുറ്റത്ത് 20 കോല് താഴ്ചയിലുള്ള കിണര്‍ നിര്‍മിച്ചു.
നിലവില്‍ രണ്ടുകോല് ആഴത്തില്‍ വെള്ളമുണ്ട്. നാലുകോല് കൂടി താഴ്ത്തും. ഞായറാഴ്ചയാണ് കിണറില്‍ വെള്ളം കണ്ടത്. 20 ദിവസം കൊണ്ടാണ് തങ്ങള്‍ ആദ്യമായി കരാറേറ്റ കിണര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങള്‍ പറഞ്ഞു. ലക്ഷ്മി കറ്റിയാടന്, കുമ്മുണി ഉമ്മുപുറം, സുനന്ദ എടക്കര, സരോജിനി വട്ടപ്പറമ്പില്‍, സുശീല തിരുത്തയില്‍, രുഗ്മിണി പുല്‍പ്പയില്‍, തങ്കമ്മ മല്ലപ്പള്ളി, പത്മാവതി പാലപ്ര, ശാരദ എടക്കര എന്നിവരാണ് കിണര്‍ നിര്‍മിച്ചത്.
കിണര്‍ നിര്‍മാണം ഏറ്റെടുക്കമ്പോള്‍ തങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ എത്ര ആഴത്തിലുള്ള കിണര്‍ നിര്‍മാണവും ഏറ്റെടുക്കാന്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു. കയറില്‍ തൂങ്ങിയിറങ്ങി സാഹസികമായാണ് ഇത്രയും ആഴമേറിയ കിണര്‍ പൂര്‍ത്തീകരിച്ചത്. കടുത്ത വേനലിലും തങ്ങള്‍ കുഴിച്ച കിണറില്‍ വെള്ളം കണ്ടതിന്റെ സന്തോഷത്തിലാണ് സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."