കച്ചവടം ആരംഭിക്കാനാവാതെ മുറി വാടകക്കെടുത്തവര്‍ ദുരിതത്തില്‍
കല്‍പ്പറ്റ: മുട്ടില്‍ ടൗണിന്റെ ഹൃദയഭാഗത്ത് പഞ്ചായത്ത് നിര്‍മിച്ച ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സ് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കച്ചവടത്തിനായി കെട്ടിടത്തില്‍ മുറിയെടുത്തവര്‍ക്കും ഒരുപോലെ ദുരിതമാവുന്നു. ബസ് ബേ ചളിക്കുളമായി കിടക്കുകയാണ്. അതുകൊണ്ട് തന്നെ ബസുകളൊന്നും ഇങ്ങോട്ട് കയറാറില്ല. ബസ് ബേയുടെ പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ തന്നെ ഇവിടെ മുറികളെടുത്ത ആളുകള്‍ക്ക് കച്ചവടം തുടങ്ങാനും സാധിച്ചിട്ടില്ല. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഇവരില്‍ നിന്നും പഞ്ചായത്ത് മുടങ്ങാതെ വാട പിരിക്കുന്നു.
ഷോപ്പിങ് കോംപ്ലക്‌സിലെ 18 മുറികള്‍ രണ്ടു മുതല്‍ അഞ്ചുലക്ഷം വരെ അഡ്വാന്‍സ് നല്‍കിയാണ് പലരും ലേലത്തില്‍ പിടിച്ചത്. ഇതിന് പുറമെ മൂന്ന് മാസത്തെ വാടക സെക്യൂരിറ്റിയായും പഞ്ചായത്തില്‍ കെട്ടിവെച്ചിരുന്നു. 2000 മുതല്‍ 4000 വരെയാണ് മുറികള്‍ക്ക് പഞ്ചായത്ത് വാടകയീടാക്കുന്നത്. എന്നാല്‍ കച്ചവടം ആരംഭിക്കാനാവശ്യമായ ഒരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. മെയിറോഡില്‍ നിന്ന് ചളിക്കുളമായ ബസ് ബേ താണ്ടി ആരും സാധനങ്ങള്‍ വാങ്ങാനെത്തില്ലെന്ന യാഥാര്‍ത്യ ബോധമുള്ളത് കൊണ്ടാണ് പലരും ഇതുവരെ കച്ചവടം ആരംഭിക്കാതിരുന്നത്.
2015 ഫെബ്രുവരി ഒന്‍പതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്നു മാസത്തിനുള്ളില്‍ ഇതിലൂടെ ബസുകള്‍ കയറിയിറങ്ങുമെന്നായിരുന്നു അന്ന് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇങ്ങോട്ട് ഒരു വാഹനംപോലും കയറ്റാനാവാത്ത അവസ്ഥയാണ്.
ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനായി ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡും പൊളിച്ചുമാറ്റിയിരുന്നു. യാത്രക്കാര്‍ ഇപ്പോള്‍ പെരുമഴയത്ത് റോഡില്‍ ബസ് കാത്തു നില്‍ക്കേണ്ട ഗതികേടിലാണ്. പുതിയ ഭരണസമിതി പണി ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും മൂന്നുമാസത്തോളമായി ഓവുചാലിന്റെ പ്രവൃത്തി മാത്രമാണ് ആരംഭിച്ചത്. എന്നാല്‍ അതും എങ്ങുമെത്തിയിട്ടില്ല. പഞ്ചായത്തില്‍ നിരവധി തവണ മുറി വാടകക്കെടുത്തവര്‍ പരാതിയുമായി എത്തിയെങ്കിലും അനുകൂല നടപടികള്‍ ഒന്നുമുണ്ടാകുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് ഈ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബസ്‌ബേ ചളിക്കുളമായതിനാല്‍ ഇവിടെയെത്തുകയെന്നത് നാട്ടുകാര്‍ക്ക് ഒരു ഞാണിന്‍മേല്‍ കളിയായിരിക്കുകയാണ്. പഞ്ചായത്തധികൃതരുടെ മൂക്കിന് താഴെ നടക്കുന്ന പൊതുജനങ്ങളുടെ ഈ ബുദ്ധിമുട്ട്
കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുറി വാടകക്കെടുത്തവരും ജനീകയ സമിതി പ്രവര്‍ത്തകരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എം.ഒ ദേവസ്യ, ബാബു പിണ്ടിപ്പുഴ, ജോസ് പാറ്റാനി, പി മനാഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."