സുനന്ദയുടെ ഇ-മെയില്‍ സന്ദേശം മരണമൊഴിയായി പരിഗണിക്കണമെന്ന് പൊലിസ്
ന്യൂഡല്‍ഹി: ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ മരണമൊഴിയായി പരിഗണിക്കണമെന്ന് പൊലിസ്.
മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ജീവിതത്തില്‍ നിരാശ പ്രകടിപ്പിച്ച് തരൂരിന് സുനന്ദ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു.
'ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്' എന്ന് മരണത്തിനു ഒന്‍പതുദിവസം മുന്‍പ് അവര്‍ തരൂരിന് ഇ-മെയില്‍ അയച്ചിരുന്നു.
ഇതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ആത്മഹത്യാകുറിപ്പായി പരിഗണിക്കണമെന്നാണ് പൊലിസിന്റെ ആവശ്യം. ഇന്നലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഡല്‍ഹി പൊലിസ് ഈ ആവശ്യം ഉന്നയിച്ചത്.
കേസില്‍ ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം ഇന്നലെയാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചത്. കേസ് പരിഗണിക്കവെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശിതരൂരിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹത്തെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ഡല്‍ഹി പൊലിസ് ആവശ്യപ്പെട്ടു.
പൊലിസിന്റെ ആവശ്യം ഇന്നലെ അംഗീകരിക്കാതിരുന്ന കോടതി, ഇതുസംബന്ധിച്ച് ഉത്തരവിടുന്നത് അടുത്തമാസം അഞ്ചിലേക്കു മാറ്റി. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീവകുപ്പുകളാണ് തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.
ഉറക്കത്തിനുള്ള 27 ടാബ്‌ലറ്റുകള്‍ സുനന്ദ താമസിച്ചിരുന്ന ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍നിന്നു ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
സുനന്ദ വിഷാദത്തിന് അടിമപ്പെട്ടപ്പോഴും അതിനു മരുന്നു കഴിക്കുമ്പോഴും അവരെ അവഗണിക്കുകയാണു തരൂര്‍ ചെയ്തത്. സുനന്ദയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."