മദ്‌റസാ അധ്യാപകന്റെ കൊലപാതകം: സംഘ്പരിവാര്‍ ശൈലിയും ആയുധങ്ങളും ഉപയോഗിച്ച്
കാസര്‍കോട്: പഴയ ചൂരിയില്‍ പള്ളിക്കകത്ത് മദ്‌റസാ അധ്യാപകനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകത്തിലെ ഉത്തരേന്ത്യന്‍ ശൈലിയും സംഭവത്തിലെ ഗൂഢാലോചനയും പൊലിസ് അന്വേഷിക്കുന്നുണ്ട്. വര്‍ഗീയ കലാപത്തിനുള്ള നീക്കമാണ് മദ്‌റസാ അധ്യാപകന്റെ കൊലപാതകത്തിലൂടെ ഉദ്ദേശിച്ചതെന്ന് പൊലിസ് സംശയിക്കുന്നു.
ഇത്തരത്തിലുള്ള തെളിവുകള്‍ പുറത്തു വന്ന ഘട്ടത്തിലാണ് ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
കഴുത്തിന് കുത്തിയാല്‍ മരണം ഉറപ്പാകുന്ന രീതിയിലുള്ള ആയുധവും പെട്ടെന്ന് മരണപ്പെടുന്ന രീതിയിലുള്ള മുറിവേല്‍പ്പിക്കലും പരിശീലനം സിദ്ധിച്ച സംഘത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് പൊലിസ് പറയുന്നു. കുത്തേറ്റ മുഹമ്മദ് റിയാസ് അല്‍പസമയത്തിനകം തന്നെ മരണപ്പെട്ടിരുന്നുവെന്ന് പൊലിസ് സര്‍ജന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കൃത്യമായ പരിശീലനം ലഭിച്ചവര്‍ക്കല്ലാതെ ഇത്തരത്തില്‍ കൊല നടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ പരിശീലനം അക്രമികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. അത്തരമൊരു അന്വേഷണത്തിലൂടെ സംഭവത്തിലെ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനാവുമെന്നാണ് പൊലിസ് കരുതുന്നത്. ആസൂത്രിതമായ കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്റെ നീക്കമാണ് മദ്‌റസാ അധ്യാപകന്റെ കൊലപാതകത്തിന് പിന്നിലെന്ന പരാതികള്‍ പലകോണില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പൊലിസ് തീരുമാനിച്ചത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെ അയ്യപ്പ നഗറിലെ അപ്പു എന്ന അജേഷ്, എസ് നിതിന്‍ റാവു, സണ്ണ കുഡ്‌ലുവിലെ എന്‍ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പ്രേരണ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളും പൊലിസ് പരിശോധിക്കും.
അതിനിടെ പ്രതികളെ തിരിച്ചറിയില്‍ പരേഡ് നടത്തുന്നതിനുള്ള അപേക്ഷ ഇന്നലെ അന്വേഷണ സംഘം കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ അവിടെ വച്ചു തന്നെയാണ് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."