ആരോപണം അടിസ്ഥാനരഹിതം: ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിന് എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അപലപനീയമെന്ന് ഡി.വൈ.എഫ്.ഐ. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരന് നാസറുദ്ദീന്റെ മകനാണ്. സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നിയാസിനേയും മറ്റൊരു ബന്ധുവായ ഇഷാനെയും പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.
ഇയാള്‍ക്കു പുറമെ സംഭവത്തില്‍ പങ്കുള്ള സംഭവത്തിലെ പ്രധാന പ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ഇയാള്‍ വിദേശത്തേക്കു ജോലി തേടിപ്പോകുന്നതു വരെ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്നയുടെ കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവികളാണ്.
ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണ്. ഡി.വൈ.എഫ്.ഐയെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ സംഘടനയുടെ ചോര കൊതിക്കുന്നവര്‍ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."