ആരോപണം അസ്വാഭാവികം: എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: തന്റെ രാജിക്കു കാരണമായ വാര്‍ത്തയില്‍ അസ്വാഭാവികതയുണ്ടെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യം മുഖ്യമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശം കൂടി മാനിച്ചാണ് രാജിവച്ചത്. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് രാജി. തനിക്കു പ്രധാനം മന്ത്രിസ്ഥാനമല്ല, നിരപരാധിത്വം തെളിയിക്കലാണ്. തെളിയിക്കാനാവുമെന്ന വിശ്വാസമുണ്ട്. തന്റെ താല്‍പ്പര്യത്തിനനുസരിച്ചുള്ള അന്വേഷണമല്ല വേണ്ടത്. സത്യസന്ധമായ അന്വേഷണം നടക്കണം. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. അന്വേഷണം സംബന്ധിച്ച് താന്‍ ഒരു നിര്‍ദേശവും മുഖ്യമന്ത്രിക്കു നല്‍കിയിട്ടില്ല. അന്വേഷണം നടക്കുമ്പോള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നതു ശരിയല്ലെന്നു തോന്നിയതുകൊണ്ടു കൂടിയാണ് രാജിവച്ചത്.
മന്ത്രിയെന്ന നിലയില്‍ ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമായി നിര്വഹിക്കാനായിട്ടുണ്ടെന്നാണ് വിശ്വാസം. പുതിയ മന്ത്രിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. അക്കാര്യം പാര്‍ട്ടിയും മുന്നണിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും ശശീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."