സിംഗപ്പൂര്‍ ഉച്ചകോടി: യു.എസ് ദൗത്യസംഘം ഉ.കൊറിയയില്‍
പ്യോങ്‌യാങ്: ജൂണ്‍ 12നു നടക്കാനിരിക്കുന്ന സിംഗപ്പൂര്‍ ഉച്ചകോടിക്കു മുന്നോടിയായി യു.എസ് ദൗത്യസംഘം ഉത്തര കൊറിയയിലെത്തി. അനിശ്ചിതത്വത്തിലായ ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രതീക്ഷയുണര്‍ത്തിയാണ് അമേരിക്കന്‍ സംഘം ഉ.കൊറിയ സന്ദര്‍ശിച്ചത്. ഇക്കാര്യം യു.എസ് പ്രസിഡന്റ് തന്നെ നേരിട്ട് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
കിം ജോങ് ഉന്നും താനും തമ്മിലുള്ള ഉച്ചകോടിക്ക് വേണ്ട ഒരുക്കങ്ങള്‍ക്കായി അമേരിക്കന്‍ സംഘം ഉത്തര കൊറിയയിലെത്തിയതായി ട്രംപ് ട്വീറ്റ് ചെയ്തു. ഒരു ദിവസം ശക്തമായ സാമ്പത്തിക-വാണിജ്യ രാഷ്ട്രമാകാനുള്ള എല്ലാവിധ ശേഷിയും ഉ.കൊറിയക്കുണ്ടെന്നാണു തന്റെ വിശ്വസമെന്നും അവര്‍ ഒരിക്കല്‍ ശക്തിയാര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇരുകൊറിയകള്‍ക്കുമിടയിലുള്ള സൈനിക രഹിത മേഖലയായ പാന്‍മുന്‍ജോം ഗ്രാമത്തില്‍ വച്ചാണ് യു.എസ്-ഉ.കൊറിയന്‍ വൃത്തങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫിലിപ്പൈന്‍സിലെ യു.എസ് അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ സങ് കിം ആണ് യു.എസ് സംഘത്തെ നയിച്ചത്. കൊറിയന്‍ വംശാവലിയുള്ള സങ് മുന്‍പ് ദക്ഷിണ കൊറിയയിലെ യു.എസ് അംബാസഡറായിട്ടുണ്ട്. ഉ.കൊറിയയുമായുള്ള ആറംഗ യു.എസ് അനുരഞ്ജന സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
അതിനിടെ, മുതിര്‍ന്ന ഉ.കൊറിയന്‍ നേതാവ് ചൈനയിലെത്തിയതായി ദ.കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു. യു.എസ്-ഉ.കൊറിയ ഉച്ചകോടിക്കു മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി സിംഗപ്പൂരിലേക്കു തിരിക്കുന്ന വഴിയാണ് അദ്ദേഹം ബെയ്ജിങ്ങിലിറങ്ങിയത്. ഇരുകൊറിയകളുടെയും നേതാക്കള്‍ പാന്‍മുന്‍ജോമില്‍ നടത്തിയ അപ്രതീക്ഷിത കൂടിക്കാഴ്ചയില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സിംഗപ്പൂരില്‍ വച്ചു നടത്താന്‍ നിശ്ചയിച്ച ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച മാറ്റമില്ലാതെ നടക്കുമെന്നും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു.
ട്രംപ്-കിം കൂടിക്കാഴ്ചയില്‍ മൂണും പങ്കെടുത്തേക്കും
സിയൂള്‍: സിംഗപ്പൂരില്‍ നടക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ചയില്‍ ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും പങ്കെടുത്തേക്കും. ദ.കൊറിയന്‍ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടിക്കു മുന്നോടിയായി നടക്കുന്ന ചര്‍ച്ചകള്‍ക്കനുസരിച്ചായിരിക്കും ഇതിനുള്ള സാധ്യതയെന്നും ദ.കൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ, ഉ.കൊറിയന്‍ നേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ചയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മൂണ്‍ ജെ. ഇന്‍ അടക്കമുള്ള ദ.കൊറിയന്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."