റമദാന്‍ വിടപറയുന്ന വേദനയില്‍ വിശ്വാസികള്‍
ആലപ്പുഴ: അവസാന വെള്ളിയാഴ്ചയായ ഇന്ന് പള്ളികളില്‍ ഖത്തീബുമാര്‍ റമദാനിന് വിട ചൊല്ലും.വിശ്വാസിക്ക് വിശുദ്ധിയുടെ നിറവസന്തം സമ്മാനിച്ച പുണ്യ റമസാനിനുള്ള വിട ചൊല്ലല്‍ പള്ളികളില്‍ വികാരനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കും.
അവസാന വെള്ളിയാഴ്ച മുന്‍ നിരയില്‍ സ്ഥാനമുറപ്പിക്കാനും പ്രാര്‍ഥനകളില്‍ വ്യാപൃതരാകാനും വളരെ നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിച്ചേരും.
വൈകിയെത്തുന്നവര്‍ക്കായി പള്ളിക്ക് പുറത്തും നിസ്‌കാര സൗകര്യം ഒരുക്കിയിട്ടുണ്ട്.ഏറെ പുണ്യം നിറഞ്ഞതും ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമുള്ളതുമായ ലൈലത്തുല്‍ഖദ്‌റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ് കൂടിയായതിനാല്‍ ഇന്ന് വന്‍ തിരക്കായിരിക്കും പള്ളികളില്‍ അനുഭവപ്പെടുക.
അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും ഒരു ദിവസമായതിനാല്‍ പതിവിലേറെ തയ്യാറെടുപ്പുകളാണ് പള്ളികളില്‍ നടത്തിയിട്ടുള്ളത്.ഇഫ്ത്വാര്‍ വിരുന്ന് മുതല്‍ ഇടയത്താഴ ഭക്ഷണം വരെ വിശ്വാസികള്‍ക്കായി പള്ളികളില്‍ ഒരുക്കുന്നുണ്ട്.സാധാരണയുള്ള തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ക്ക് പുറമെ തസ്ബീഹ് നിസ്‌കാരം, തഹജ്ജുദ് എന്നിവയും പള്ളികളില്‍ നിര്‍വഹിക്കപ്പെടും.
ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ, സ്വലാത്ത് മജ്‌ലിസുകള്‍, ബുദര്‍ദ മജ്‌ലിസ് തുടങ്ങി വൈവിധ്യമായ ആരാധനകള്‍ കൊണ്ട് ഇരുപത്തിയേഴാം രാവിനെ ധന്യമാക്കുന്ന വിശ്വാസികള്‍ കഴിഞ്ഞ കാലത്തെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സ്രഷ്ടാവിനോട് മാപ്പിരക്കുകയും തൗബ ചെയ്യുകയും ചെയ്യുന്നു.ദാനധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന ഈ രാവില്‍ വിശ്വാസികള്‍ അതിലും ഏറെ ശ്രദ്ധ ചെലുത്തും.
ലൈലത്തുല്‍ ഖദ്‌റിറിന്റെ രാത്രിയില്‍ പ്രാര്‍ഥനകള്‍ കൊണ്ട് ധന്യമാക്കുന്നവര്‍ക്ക് ആയിരം മാസം(83 വര്‍ഷവും ആറ് മാസവും) തുടര്‍ച്ചയായി ആരാധനകളില്‍ ഏര്‍പ്പെട്ടതിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.മാലാഖമാര്‍ വിണ്ണിലിറങ്ങി അനുഗ്രഹം ചൊരിയുമെന്നും മരണപ്പെട്ട ബന്ധുമിത്രാദികളുടെ ആത്മാക്കള്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും വിശ്വാസമുണ്ട്.
ഖുര്‍ആനിലെ ഖദ്ര്‍(വിധി) എന്ന അധ്യായം ഇക്കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്നു.ഇമാമുമാരുടെ ഹൃദയ്‌സ്പര്‍ശിയായ പ്രസംഗങ്ങളും ഭക്തിനിര്‍ഭരമായ പ്രാര്‍ഥനകളും വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിക്കും.പുണ്യാത്മാക്കളുടെ അന്ത്യവിശ്രമ സ്ഥലങ്ങളും ബന്ധുമിത്രാദികളുടെ ഖബറുകളും സന്ദര്‍ശിച്ച് അവര്‍ക്കായി പ്രാര്‍ഥന നടത്താനും ഇരുപത്തിയേഴാം രാവില്‍ വിശ്വാസികള്‍ സമയം കണ്ടെത്തുന്നു.
പുരുഷന്മാര്‍ പള്ളികളില്‍ ആരാധനകളില്‍ വ്യാപൃതരാകുമ്പോള്‍ സ്ത്രീകള്‍ വീടുകളില്‍ പ്രത്യേക പ്രാര്‍ഥനകളുമായി കഴിഞ്ഞുകൂടും.
ഇരുപത്തിയേഴാം രാവില്‍ ഉറക്കമൊഴിവാക്കി പ്രാര്‍ഥനകളിലേര്‍പ്പെടുന്ന വിശ്വാസികള്‍ നാളെ മുതല്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."