കണക്കുപരീക്ഷ: പ്രതിസന്ധിയിലായത് ഉംറ, വിദേശ യാത്രക്കാര്‍
കോഴിക്കോട്: എസ്.എസ്.എല്‍.സി കണക്കുപരീക്ഷ വീണ്ടും എഴുതേണ്ടിവരുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് തീര്‍ഥയാത്രകള്‍ക്കും വിദേശയാത്രയ്ക്കും തയ്യാറെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളുമാണ്.
എഴുതിയ പരീക്ഷ വീണ്ടും 30ന് രണ്ടാമതൊന്നുകൂടി എഴുതേണ്ടിവരുന്നത്, മാനസിക സമ്മര്ദങ്ങള്ക്ക്് പുറമെ നേരത്തെ തീരുമാനിച്ച യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരികയോ, റദ്ദ് ചെയ്യുകയോ ചെയ്യേണ്ടിവരുന്നതോടെ വന്‍ സാമ്പത്തിക നഷ്ടത്തിനുമിടയാക്കും.
ഉംറ യാത്രയ്ക്ക് പോകാന്‍ തീരുമാനിച്ചവരെയാണ് ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചത്. സാധാരണ ഗതിയില്‍ ഇന്നലെ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിക്കേണ്ടതായിരുന്നു. ഇതനുസരിച്ച് ഇന്നു മുതല്‍ ഉംറ യാത്രയ്ക്കായി ട്രാവല്‍ ഏജന്‍സി വഴി ഗ്രൂപ്പ് ടിക്കറ്റ് എടുത്തവരാണ് പ്രതിസന്ധിയിലായത്. ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്ര മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വിമാനടിക്കറ്റ് ഒരാഴ്ച മുന്‍പ് തന്നെ പലര്‍ക്കും കിട്ടി. അതിനാല്‍ ഇനി ടിക്കറ്റ് കാന്‍സല്‍ ചെയ്യാനും കഴിയില്ല. ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ക്കായി നിശ്ചിത ദിവസം തന്നെ യാത്ര ആരംഭിക്കേണ്ടതിനാല്‍ ഇവര്‍ക്കു വേണ്ടി മാറ്റിവയ്ക്കാനും കഴിയില്ല. യാത്ര റദ്ദ് ചെയ്യുന്നതോടെ ഒരാള്‍ക്ക് ഇതുവഴി ചുരുങ്ങിയത് 30,000 രൂപയോളം നഷ്ടമുണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്.
വിദേശ-വിനോദ യാത്രകള്‍ക്ക് തയ്യാറെടുത്തവര്‍ക്കും ഇതുതന്നെയാണ് അവസ്ഥ. അവരുടെ ടിക്കറ്റുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ കഴിയുന്നതിനാല്‍ വന്‍ നഷ്ടമുണ്ടായില്ലെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."