പ്രസിഡന്റ് വാക്കു പാലിച്ചു; ഇരിങ്ങണ്ണൂരിലെ ദുര്‍ഗന്ധത്തിന് പരിഹാരം
എടച്ചേരി: ഇരിങ്ങണ്ണൂര്‍ മൃഗാശുപത്രി വളപ്പിലും പരിസരത്തും അനുഭവപ്പെട്ട ദുര്‍ഗന്ധത്തിന് പരിഹാരമായി. വര്‍ഷങ്ങളായി മൃഗാശുപത്രി പരിസരത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നീക്കി.
ടൗണിലെ ഹോട്ടലുകളില്‍ നിന്നും മറ്റു കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ വര്‍ഷങ്ങളായി ഈ മൃഗാശുപത്രി വളപ്പിലായിരുന്നു നിക്ഷേപിച്ചിരുന്നത്. ഇത് കാരണം ആശുപത്രി ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും മൂക്ക് പൊത്തേണ്ട അവസ്ഥയായിരുന്നു. മൃഗാശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികള്‍ക്കും ഏറെ പ്രയാസകരമായിരുന്നു ഈ ദുര്‍ഗന്ധം. നിപാ വൈറസ് ഭീഷണിയെ തുടര്‍ന്ന് ടൗണ്‍ ശുചീകരണം നടത്തുന്നതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
കുന്നുകൂടിക്കിടന്ന മാലിന്യം മൃഗാശുപത്രിയുടെ പിന്നിലായി ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് തള്ളി. ടൗണിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ ശുചീകരണ തൊഴിലാളികളും മറ്റും ഏറെക്കാലമായി മൃഗാശുപത്രി പരിസരത്ത് കൂട്ടിയിടുകയായിരുന്നു. മഴക്കാലം തുടങ്ങിയതോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരും വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശുചീകരണത്തിന്റെ ഭാഗമായി അങ്ങാടിയില്‍ നിന്നെത്തിച്ച ലോഡുകണക്കിന് മാലിന്യങ്ങളും ഇതോടൊപ്പം കുഴിയിലേക്കു തള്ളി.
പത്ത് വര്‍ഷത്തിലധികമായി മൃഗാശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. മണിക്കൂറുകളോളം നീണ്ടു നിന്ന മാലിന്യ നിര്‍മാര്‍ജനത്തില്‍ പ്രസിഡന്റും പങ്കാളിയായി. നാലാംവാര്‍ഡ് മെംബര്‍ ഗംഗാധരന്‍ പാച്ചാക്കര പരിസരവാസികളായ തപസ്യ കുഞ്ഞിരാമന്‍, ടി.കെ ശ്രീധരന്‍ എന്നിവരും നാട്ടുകാരും ശുചീകരണത്തില്‍ പങ്കുചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."