കോപ്പ- യൂറോ ചാംപ്യന്മാര് തമ്മില്‍ ഏറ്റുമുട്ടാന്‍ അവസരം ഒരുങ്ങുന്നു
ലൂക്ക്: ശതാബ്ദി കോപ്പ അമേരിക്ക കിരീടം നേടിയ ചിലി ടീം യൂറോ 2016ലെ ചാംപ്യന്മാരുമായി സൗഹൃദ മത്സരം കളിച്ചേക്കും. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് അലജാന്ദ്രോ ഡൊമിന്ഗ്വെസാണ് ട്വിറ്ററീലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. യുവേഫയുടെ ഭാഗത്തു നിന്നു അനുകൂലമായ നിലപാടാണ് ലഭിച്ചതെന്നും യൂറോയ്ക്ക് ശേഷം ദിവസം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ അനുകൂലമായാല്‍ 2018ല്‍ കോപ്പ ചാംപ്യന്മാരായ ചിലിയും യൂറോ ചാംപ്യന്മാരും കോപ്പയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും യൂറോയിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് അര്‍ടെമിയോ ഫ്രാന്‍ചി ട്രോഫി സമ്മാനിക്കും. 1985ലും 1993ലും ഇത്തരത്തില്‍ യൂറോ, കോപ്പ അമേരിക്ക ജേതാക്കള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. അന്നു സമ്മാനിച്ചതാണ് ട്രോഫി. ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ഉറുഗ്വെയെ തോല്‍പ്പിച്ച് കപ്പ് സ്വന്തമാക്കി. 1993ല്‍ ഡെന്മാര്ക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അര്‍ജന്റീനയാണ് കപ്പ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."