റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി
ജിദ്ദ: മൂന്നു വര്‍ഷമായി നീളുന്ന റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്‍ക്കാലിക വിരാമമാവുന്നു. യു.എസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഉക്രൈന്‍ അംഗീകരിച്ചു. സഊദിയില്‍ യു.എസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് മൂന്ന് വര്‍ഷത്തെ യുദ്ധം അവസാനിക്കാന്‍ സാധ്യത തെളിയുന്നത്. റഷ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മധ്യസ്ഥര്‍.
വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിട്ടുണ്ട്. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടും. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ഉക്രൈന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഉക്രൈനുള്ള സാമ്പത്തിക സഹായം പുനസ്ഥാപിക്കുമെന്ന് യു.എസ് അറിയിച്ചു. ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കാനും അമേരിക്ക തയ്യാറായി. രഹസ്യാന്വേഷണ വിവരങ്ങള്‍ വീണ്ടും കൈമാറാനാണ് ധാരണ. ഉക്രൈനിലെ ധാതുസമ്പത്ത് പങ്കുവെക്കാനും തീരുമാനമായി.
കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മന്ത്രി ഡോ. മുസാഇദ് അല്‍അയ്ബാന്റെയും സാന്നിധ്യത്തിലായിരുന്നു യു.എസ്, ഉക്രൈന്‍ ചര്‍ച്ച ആരംഭിച്ചത്. സഊദിയുടെ ശ്രമഫലമായിരുന്നു ചര്‍ച്ച.
ചര്‍ച്ചയില്‍ അമേരിക്കന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സും പങ്കെടുത്തു. പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടര്‍ ആന്‍ഡ്രി യെര്‍മാക്, വിദേശകാര്യ മന്ത്രി ആന്‍ഡ്രി സെഭ, പ്രതിരോധമന്ത്രി റുസ്തം ഉമറോവ് എന്നിവരാണ് ഉക്രൈന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."