സംയോജിത നീര്‍ത്തട പദ്ധതി ഗുണഭോക്താക്കള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആക്ഷേപം
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ നടപ്പാക്കിയ സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം പണിയെടുത്ത കര്‍ഷകര്‍ക്ക് ആറു മാസം പിന്നിട്ടിട്ടും പ്രതിഫലതുക നല്‍കിയില്ലെന്ന് ആക്ഷേപം.
ഇതു കാരണം പദ്ധതി പൂര്‍ത്തിയാക്കിയ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയിലായി . പദ്ധതി നിര്‍വഹണ ഏജന്‍സിയായ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുഖേനയാണു വിവിധ പദ്ധതികള്‍ കര്‍ഷര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്.
പ്രധാനമായും കല്ല് കയ്യാല, തെങ്ങിന്‍ തടം, കമുകിന്‍ തടം, നീര്‍ക്കുഴി, ചകിരികുഴി, വിവിധ തരം കാര്‍ഷിക ഉല്‍പാദനം എന്നിവയ്ക്കാണു പ്രതിഫല തുകകള്‍ നല്‍കാനുള്ളത്.
ജല, മണ്ണ് സംരക്ഷണം എന്നിവയിലൂന്നിയുള്ള പദ്ധതികള്‍ക്കാണു പദ്ധതി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ ബാങ്കില്‍ നിന്നു വായ്പ എടുത്തും മറ്റും കൃഷി ചെയ്തിട്ടും തങ്ങള്‍ക്കു പദ്ധതി വഴി നല്‍കാനുള്ള തുക നല്‍കാത്തതിനാല്‍ കര്‍ഷകര്‍ നിരന്തരം ബന്ധപ്പെട്ട ഓഫിസുകളില്‍ കയറിയിറങ്ങുകയാണ്.
വെസ്റ്റ് എളേരിയിലെ ഇത്തരം നീര്‍ത്തട പദ്ധതികള്‍ നീട്ടികൊണ്ടുപോയതില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണു കര്‍ഷകര്‍ ആരോപിക്കുന്നത്. പുതിയ പദ്ധതികള്‍ ഉദ്യോഗസ്ഥ താല്‍പര്യത്തിനു മാത്രം മുന്‍തൂക്കം നല്‍കുന്നതും നടപടി ക്രമങ്ങളിലെ സുതാര്യത പലപ്പോഴും പാളിപ്പോകുന്നതു വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകാരണമാണെന്നാണു കര്‍ഷകര്‍ പറയുന്നത്.
മാര്‍ച്ച് 31 കഴിഞ്ഞാല്‍ തുക ലാപ്‌സാകുമെന്നും പണിയെടുത്ത തങ്ങള്‍ക്കു ഉടന്‍ പ്രതിഫലം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭത്തിനു തയാറാകുമെന്നും കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."