ഷേണിയില്‍ ആശ്വാസമായി തുരങ്കത്തില്‍ നിന്നുള്ള നീരുറവ
ബദിയടുക്ക: ചുട്ടു പൊള്ളുന്ന വേനല്‍ച്ചൂടില്‍ കുടിവെള്ളത്തിനായി ജനം നേട്ടോട്ടമോടുമ്പോള്‍ എന്‍മകജെ പഞ്ചായത്തിലെ ഷേണി തോട്ടദമൂലയിലെ പത്തോളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയം തുരങ്കത്തിലുടെ ഒഴുകിയെത്തുന്ന നീരുറവ.
എന്‍മകജെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. പ്രധാന ജല സ്രോതസ്സുകളായ പുഴകളും മറ്റു നീരുറവകളും വറ്റി വരളുകയും കനത്ത ചൂടില്‍ കാര്‍ഷിക വിളകളും നശിക്കുകയും ചെയ്യുമ്പോഴാണു തുരങ്കത്തിലൂടെ ചെറുതായി ഒഴുകിയെത്തുന്ന നീരുറവയെ ഇവര്‍ ആശ്രയിക്കുന്നത്.
തുരങ്കത്തിലൂടെ ഒഴുകിയെത്തുന്ന നീരുറവയെ പൈപ്പിലൂടെ കടത്തി ചെറിയ കുഴിയുണ്ടാക്കി അതിലേക്കു കടത്തി വിടുകയാണ് ചെയ്യുന്നത്. കുഴിയില്‍ വെള്ളം നിറയുന്നതോടെ ഗ്ലാസില്‍ വെള്ളം കോരിയെടുത്ത് കുടത്തിലേക്ക് ഒഴിക്കും.
ഇത്തരത്തില്‍ പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് തുരങ്കത്തിലൂടെ ഒഴുകിയെത്തുന്ന നീരുറവെയാണ്.
ഭൂഗര്‍ഭ ജല നിരപ്പ് താണതോടെ കുഴല്‍ കിണറുകളിലും ജല ലഭ്യത കുറഞ്ഞിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ഉത്തരവു ലഭിക്കാത്തതിനാല്‍ ഇത്തവണ കുടിവെള്ള വിതരണം മുടങ്ങി. പല കുടുംബങ്ങളും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണു വെള്ളം ശേഖരിക്കുന്നത്.
കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറി വഴി കുടി വെള്ളമെത്തിക്കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."