പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവില്‍ മന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെ കുറിച്ചു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിയോട് വിശദീകരണം തേടി. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. താന്‍ അറിയാതെയാണ് ഈ ഉത്തരവെന്നും എ.കെ.ശശീന്ദ്രന് വ്യക്തമാക്കി. ഇതിനെ നടപടിയായി കാണേണ്ടതില്ല.
കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്ന് കാട്ടി ഇന്ധനകമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചിരുന്നു.
പെട്രോള്‍ പമ്പ് ഉടമസ്ഥരോട് ഇക്കാര്യം സംസാരിച്ചുവെന്നും അവര്‍ അത് അംഗീകരിക്കുകയും ചെയ്തുവെന്ന് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഹെല്‍മറ്റ് ഇല്ലെങ്കില്‍ 1000 രൂപ ഫൈന്‍ ഈടാക്കാനും ഒന്നില്‍ കൂടുതല്‍ തവണ ഇത് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."