ചെര്‍ക്കളയിലെ അത്താഴമൂട്ടിനു 13 വയസ്
.
.
ചെര്‍ക്കള: ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ പരിസരത്ത് 13 വര്‍ഷത്തിന്റെ സുകൃത പാരമ്പര്യമുയര്‍ത്തി ഇക്കുറിയും അത്താഴമൂട്ട് നടന്നു. മുടങ്ങാതെ 13ാം വര്‍ഷവും അത്താഴമൊരുക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് സംഘാടകര്‍. ചെര്‍ക്കളയിലെ മസ്ജിദ്ദൂന്നൂറില് സംഘടിപ്പിച്ച 'ഹുബ്ബുന്നബി ' സ്വലാത്ത് മജ്ലിസിലാണ് അത്താഴമൂട്ട് നടന്നത്.
എല്ലാ വര്‍ഷവും നോമ്പ് ആചരണത്തിന്റെ അവസാനത്തെ പത്തില്‍ സാധ്യമായ ഏതെങ്കിലും ദിവസമാണ് അത്താഴമൂട്ട് സംഘടിപ്പിക്കുന്നത്. രാത്രി പത്തരയോടെ മസ്ജിദ് അങ്കണത്തിലെത്തുന്ന വിശ്വാസികള്‍ അത്താഴം കഴിക്കാനുള്ള സമയം വരെ പള്ളിയില്‍ പ്രാര്‍ഥനകളുമായി കഴിയും. പുലര്‍ച്ചെ അത്താഴമൂട്ടിന് ഒരുക്കുന്ന വൈവിധ്യമുള്ള വിഭവങ്ങള്‍ കഴിച്ചാണ് ഓരോരുത്തരും അന്നത്തെ നോമ്പാചരണം തുടങ്ങുന്നത്. ചെര്‍ക്കള ഗ്രാമത്തിലെ വിശ്വാസികളായ വ്രതനിഷ്ഠയുള്ള ചെറുപ്പക്കാരുടെ സംഗമം കൂടിയാണ് ഓരോ വര്‍ഷവും മസ്ജിദുന്നൂറില്‍ സംഘടിപ്പിക്കുന്ന ഹുബ്ബുന്നബ്ബി.
നോമ്പിന്റെ അവസാന പത്തിലെ ഈ കൂടിച്ചേരല്‍ വേറിട്ട സംഗമത്തിനാണു വേദിയാവുന്നത്. പുലരും വരെ പ്രാര്‍ഥനകള്‍, ഇടക്കു നടക്കുന്ന മജ്ലിസുന്നൂര്, നോമ്പിന്റെ വ്രതനിഷ്ഠയുടെ പങ്കുവെക്കല്‍ എന്നിവയൊക്കെ സാധ്യമാക്കുന്ന ഹുബ്ബുന്നബി ചടങ്ങില്‍ ഓരോ വര്‍ഷവും യുവാക്കളുടെ സാന്നിധ്യം വര്‍ധിക്കുന്നത് മതനിഷ്ഠയുടെ ഉണര്‍വാണ് സാക്ഷ്യപ്പെടുത്തുന്നത്.
പണ പിരിവൊന്നും കൂടാതെയാണ് അത്താഴമൂട്ട് നടത്തുന്നതെന്നും ശ്രദ്ധേയമാണ്. വ്യാഴാഴ്ച നടന്ന ഹുബ്ബുന്നബി ചടങ്ങിന് സി.പി മൊയ്തു മൗലവി, ലത്തീഫ് മൗലവി ചെര്‍ക്കള, ജെ.പി മുഹമ്മദ് ദാരിമി, അശ്രഫ് ദാരിമി അര്‍ളടുക്ക, സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, സി.എം ഷാഫി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."