പ്രവര്‍ത്തനം നിലച്ചു; കവ്വായിക്കായലിലെ ബോട്ട്ക്ലബ് പേരിലൊതുങ്ങുന്നു
തൃക്കരിപ്പൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കവ്വായി കായലിനെ അടിസ്ഥാനമാക്കി രൂപീകരിച്ച ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനം നിലച്ചു. ക്ലബ് കമ്മിറ്റി പുനഃസംഘടിപ്പിക്കന്‍ തയാറാകാത്തതാണ് നിലവിലെ സ്ഥിതിക്കു കാരണം. അതിനിടെ ക്ലബിന് അനുവദിച്ച വള്ളവും ഉപയോഗശൂന്യമായി.
കവ്വായിക്കായലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക, കായലില്‍ വള്ളം കളി മത്സരം സംഘടിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ബോട്ട് ക്ലബ് രൂപീകരിച്ചത്. 1977ല്‍ കവ്വായിക്കായലില്‍ സംഘടിപ്പിച്ച ജലോത്സവത്തിന്റെ ഭാഗമായാണ് ബോട്ട് ക്ലബ് രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി ക്ലബിനു ഒരു ഫൈബര്‍ വള്ളവും അനുവദിച്ചിരുന്നു.
ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജനപ്രതിനിധികള്‍ കണ്‍വീനര്‍മാരുമായാണ് ക്ലബ് രൂപീകരിച്ചത്. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. സ്ഥലം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടത്. യു.ഡി.എഫിന് മുന്‍തൂക്കമുണ്ടായിരുന്ന കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യോഗം അടന്നില്ല. ഇതോടെ കമ്മിറ്റിയുടെ കാലവധി കഴിഞ്ഞതോടെ ക്ലബ് പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. അന്നത്തെ ജില്ലാ കലക്ടറായിരുന്ന സത്യജിത്ത് രാജന്‍ സ്ഥലം മാറിയതും ക്ലബ് പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി.
ക്ലബിനായി അനുവദിച്ച ഫൈബര്‍ വള്ളം ഉടുമ്പുന്തല മൊത്തക്കടവ് പുഴയോരത്തു വര്‍ഷങ്ങളായി വെയിലും മഴയുമേറ്റു നശിക്കുകയാണ്. ബോട്ട് ക്ലബിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിനു ശക്തിയേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."