റമദാന് 27ന് വിവിധ ചടങ്ങുകളുമായി ബഹ്റൈന്‍ ഇസ്ലാമികകാര്യ മന്ത്രാലയം
മനാമ: വിശുദ്ധ റമദാനിലെ ശ്രേഷ്ഠകരമായ 27ാം രാവില്‍ ബഹ്റൈന്‍ ഇസ്ലാമികകാര്യ സുപ്രിംകൗണ്‍സില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ പ്രധാന പള്ളിയായ അല്‍ ഫാതിഹ് ഗ്രാന്റ് മോസ്കിലാണ് പ്രധാനമായും ചടങ്ങുകള്‍. വെള്ളിയാഴ്ച ഇശാ നിസ്കാരവും തറാവീഹും കഴിയുന്നതോടെ പ്രമുഖരുടെ പ്രഭാഷണങ്ങളും ഇഅ്തിഖാഫ്, ഖത്മുല് ഖുര്‍ആന്‍ മജ്ലിസ്, ഖിയാമുല്ലൈല് തുടങ്ങിയ പ്രാര്‍ഥനാ ചടങ്ങുകളും നടക്കും.
ശൈഖ് അബ്ദുറഹ്മാന് ദറാര്‍ അശ്ശാഇര്‍, ശൈഖ് മുഹമ്മദ് ഹസന് അബ്ദുല്‍ മഹ്ദി തുടങ്ങി പ്രമുഖര്‍ നേതൃത്വം നല്‍കും. അല്‍ ഫാതിഹ് ഗ്രാന്റ് മോസ്കിനു പുറമേ വിവിധ പള്ളികളിലും സമാനമായ ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവുകളില്‍ പ്രത്യേകമായ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ രാവിനെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നു ബഹ്റൈന്‍ നീതിന്യായ ഇസ്ലാമികകാര്യ ഔഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് ആഹ്വാനം ചെയ്തു. ഇസ്ലാമികകാര്യ മന്ത്രാലയത്തിനു പുറമേ രാജ്യത്തെ വിവിധ പ്രാദേശിക മതസംഘടനകളും സമസ്ത ബഹ്റൈന്‍ അടക്കമുള്ള വിദേശികളുള്ക്കൊള്ളുന്ന മതസംഘടനകളും വിവിധ ചടങ്ങുകള്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."