പൊലിസ് സ്റ്റേഷനുകളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ നിയമിക്കും
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ നിയമിക്കാന്‍ തീരുമാനം.
500 ഓഫിസര്‍മാരെയാണ് നിയമിക്കുന്നത്. സിവില്‍ പൊലിസ് ഓഫിസര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, എ.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെയായിരിക്കും നിയമിക്കുക. ഇവര്‍ക്ക് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാമെന്നതിനെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും വനിതാ ശിശുക്ഷേമ വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. അടുത്തയാഴ്ച തന്നെ ചുമതല നല്‍കാനാവുന്നവിധം അതാത് പൊലിസ് സ്റ്റേഷനുകളില്‍നിന്ന് ഒരാളെ നിര്‍ദേശിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും കൂടുന്നതായാണ് കണക്ക്. 2015ല്‍ 1,583ഉം 2016ല്‍ 2,122ഉം 2017ല്‍ 2,697ഉം കേസുകളാണ് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ആദ്യ രണ്ടുമാസങ്ങളില്‍ സംസ്ഥാനത്ത് 459 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറലിലും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ നിലവില്‍വന്ന ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമപ്രകാരം ഓരോ പൊലിസ് സ്റ്റേഷനുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ നിയമിക്കണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍, ഇതുവരെ ഇതിനുവേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. വനിതാ ശിശുക്ഷേമ വകുപ്പ് രൂപീകരിച്ചതിനുപിന്നാലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ നിയമിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."