തെറ്റായ നയം: യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് നഷ്ടം 21 കോടി
പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ കൊല്ലം യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കോടികളുടെ നഷ്ടത്തില്‍. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ടുണ്ടായത് 21.26 കോടി രൂപയുടെ നഷ്ടമാണ്. കെ.എസ്.ഇ.ബിക്കുവേണ്ടി മീറ്റര്‍ നിര്‍മിക്കാനുള്ള അനുവാദം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റദ്ദു ചെയ്തതു മുതലാണ് നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 6.77 കോടി രൂപ നഷ്ടത്തിലായിരുന്ന സ്ഥാപനത്തിനു പിന്നീടിങ്ങോട്ടു നഷ്ടങ്ങള്‍ മാത്രമാണ്. ഡിജിറ്റല്‍ മീറ്ററിന്റെ നിര്‍മാണത്തിനുള്ള സാങ്കേതികത്തികവിലേക്ക് എത്താനുള്ള താമസമാണത്രേ 2010-11 വര്‍ഷത്തെ നഷ്ടത്തിനു കാരണം. എന്നാല്‍, സാങ്കേതികമികവ് സ്വായത്തമാക്കിയ ശേഷവും നഷ്ടമാണുണ്ടായത്. 2011-12 ല്‍ 4.68 കോടി രൂപ നഷ്ടം വന്നപ്പോള്‍ 2012-13ല്‍ 5.22 കോടിയും 13-14ല്‍ 4.59 കോടി രൂപയുമായിരുന്നു നഷ്ടം.
2013 ഫെബ്രുവരി 14 മുതലാണ് മീറ്റര്‍ നിര്‍മാണത്തില്‍നിന്നു കമ്പനിയെ ഒഴിവാക്കിയത്. ഇപ്പോള്‍ 11 കെ.വി ലൈനുകളില്‍ സ്ഥാപിക്കാനുള്ള എ.ബി സ്വിച്ചുകള്‍ മാത്രമാണ് കെ.എസ്.ഇ.ബിക്കുവേണ്ടി നിര്‍മിക്കുന്നത്. ഇതാണെങ്കില്‍ കമ്പനിക്ക് ഒരു യൂനിറ്റിന് 1,100 രൂപ നഷ്ടമുണ്ടാക്കുന്നു. പിച്ചളയ്ക്കു പകരം ചെമ്പുപയോഗിച്ചു സ്വിച്ച് നിര്‍മാണം തുടങ്ങിയതാണ് നഷ്ടത്തിനു കാരണം. നിര്‍മാണരീതി മാറ്റിയതും കഴിഞ്ഞ സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമായിരുന്നു.
ജയ്പൂര്‍ ആസ്ഥാനമായ കമ്പനി ചെമ്പ് സ്വിച്ചിന്റെ നിര്‍മാണത്തിന് അനുമതി നേടിയതും തിരിച്ചടിയായി. മറ്റു കമ്പനികള്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ തുക ടെന്‍ഡര്‍ ചെയ്തു കിട്ടുന്ന ഓര്‍ഡറില്‍നിന്നു നിര്‍മാണച്ചെലവു കണ്ടെത്താന്‍പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. മീറ്റര്‍ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വ്യവസ്ഥയില്‍ കമ്പനികളുടെ വാര്‍ഷിക വിറ്റുവരവ് മാനദണ്ഡമാക്കിയതും തിരിച്ചടിയായി. നാല്‍പതു കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ പങ്കെടുക്കാന്‍ കഴിയൂവെന്ന വ്യവസ്ഥ വന്നതോടെ യുനൈറ്റഡ് ഇലക്ട്രിക്കല്‍സ് ടെന്‍ഡറില്‍നിന്നു പിന്മാറുകയായിരുന്നു. എല്‍.ആന്‍ഡ്.ടി അടക്കമുള്ള ഇതരസംസ്ഥാന കമ്പനികളാണ് നിലവില്‍ കെ.എസ്.ഇ.ബിക്കു മീറ്റര്‍ നിര്‍മിച്ചുനല്‍കുന്നത്. ഇതു പുനഃപരിശോധിക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."