പൊതുമാപ്പ് നാളെ മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജവാസാത്ത്
ജിദ്ദ: സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് സഊദിയില്‍ തങ്ങുന്നവര്‍ക്ക് ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ മുതല്‍. ജൂണ്‍ 24 വരെ നീളുന്ന കാമ്പയിന് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജവാസാത്ത് വിഭാഗം അറിയിച്ചു. മൂന്നു മാസം നീളുന്ന കാമ്പയിനില്‍ വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് നിയമലംഘകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകും.
അതേ സമയം, അവസരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സൗകര്യങ്ങളുമായി ഇന്ത്യന്‍ മിഷനും തയാറായി കഴിഞ്ഞു. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഉള്‍പ്രദേശങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് എംബസിയിലെത്താനുള്ള സൗകര്യം കണക്കിലെടുത്ത് റിയാദ് കൂടാതെ ദമാം, ജുബൈല്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് അറിയിച്ചു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ജിദ്ദ കോണ്‍സുലേറ്റിനു കീഴില്‍ പതിനൊന്ന് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ് പറഞ്ഞു. ഔട്ട് പാസിനോ എക്‌സിറ്റ് വിസക്കോ ഒരു റിയാല്‍ ചെലവില്ലെന്നും വിമാന ടിക്കറ്റ് സ്വന്തമായി കണ്ടെത്തണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
തൊഴില്‍, ഉംറ, ഹജ്ജ്, ട്രാന്‍സിറ്റ്, സന്ദര്‍ശന വിസകളിലെ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ വിദേശികള്‍ക്കാണ് തടവ്, സാമ്പത്തിക പിഴകള്‍ ഇല്ലാതെ നാടുകളിലേക്ക് മടങ്ങാന്‍ ഇളവ്. സഊദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പൊതുമാപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയ 2017 മാര്‍ച്ച് 19ന് മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് മാത്രമാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക.
നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാവും. ജവാസാത്തിെന്റ അബ്ഷീര്‍ വെബ്‌സൈറ്റ് (https://www.moi.gov.sa/) സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപോയ്‌മെന്റ് എടുക്കലാണ് ആദ്യ നടപടി. ഇഷ്ടമുള്ള കേന്ദ്രവും തീയതിയും സമയവും തെരഞ്ഞെടുക്കാന്‍ വെബ്‌സൈറ്റില്‍ അവസരമുണ്ട്. ഇതെല്ലാം സെലക്ട് ചെയ്ത് അപോയ്‌മെന്റ് എടുത്താല്‍ കിട്ടുന്ന ടോക്കണുമായി അതില്‍ പറയുന്ന കേന്ദ്രത്തില്‍ നേരിെട്ടത്തണം. കൈയ്യില്‍ പാസ്‌പോര്‍ട്ട്/ഇ.സി/ഔട്ട് പാസ് എന്നിവയിലൊന്ന് നിര്‍ബന്ധമായും ഉണ്ടാവണം.
പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാടണയാനുദ്ദേശിക്കുന്നവര്‍ക്ക് സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള 98 തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം. ഇതില്‍ പതിമൂന്ന് എണ്ണം റിയാദിലും ആറെണ്ണം കിഴക്കന്‍ മേഖലയിലും നാലെണ്ണം മക്ക മേഖലയിലുമാണ്. അസീര്‍, മദീന, തബൂക്ക്, ഖസീം മേഖലകളില്‍ മൂന്ന് വീതം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. അല്‍ബാഹ, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് വീതം കേന്ദ്രങ്ങളും, നജ്‌റാന്‍ , ജിസാന്‍, ഹാഇല്‍ എന്നീ മേഖലകളില്‍ ഒരോ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. താമസത്തിനും തിരിച്ചുപോക്ക് നടപടികള്‍ എളുപ്പമാക്കാനുമാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ താമസ സ്ഥലങ്ങളാണ്.ഒരോ രാജ്യക്കാര്‍ക്കും പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കീഴിലും ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. നിയമലംഘകര്‍ക്ക് തിരിച്ചുപോകാനുള്ള സൗകര്യങ്ങളും സേവനങ്ങളും നല്‍കാന്‍ സന്നദ്ധ സേവന സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. ഹെല്‍പ് ഡെസ്‌കുകളും ഒരുങ്ങിക്കഴിഞ്ഞു. സഊദിയിലെ 28 കര,കടല്‍, വ്യോമ പ്രവേശന കവാടങ്ങളിലും നിയമലംഘകരുടെ തിരിച്ചുപോക്ക് നടപടികള്‍ എളുപ്പമാക്കാന്‍ പാസ്‌പോര്‍ട്ട് വകുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അതേ സമയം നിലവിലുള്ള തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങള്‍ക്ക് പുറമെ ആവശ്യമെങ്കില്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുമെന്നും പാസ്‌പോര്‍ട് വകുപ്പ് മേധാവി അറിയിച്ചു.
തൊഴിലിടങ്ങളില്‍നിന്ന് ഒളിച്ചോടിയവര്‍ എന്നു വിശേഷിക്കപ്പെടുന്ന ഹുറൂബുകാരെയും പൊതുമാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. തൊഴില്‍ പദവി ശിരായക്കല്‍ കാലയളവായ നിതാഖാത് വേളയില്‍ ഹുറൂബാക്കപ്പെട്ടവര്‍ നിരവധിയാണ്. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു വന്ന സ്‌പോണ്‍സര്‍മാരില്‍ പലരും തൊഴിലാളി അറിയാതെ തന്നെ അവരെ ഹുറൂബാക്കിയ കേസുകളുണ്ട്. തൊഴില്‍ മാറാനായി പുതിയ സ്‌പോണ്‍സറെ സമീപിക്കുകയും അതു നിശ്ചിത സമയത്തിനകം നടക്കാതെ വരികയും ചെയ്തതിനെത്തുടര്‍ന്ന് ഹുറൂബായവരും ഒട്ടേറെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."