പൊലിസ് കൈവിട്ടുപോയിട്ടും ഭരണത്തില്‍ ഇടപെടാനാകാതെ സി.പി.എമ്മും എല്‍.ഡി.എഫും
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിനു തീരാക്കളങ്കമുണ്ടാക്കി സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങളും വീഴ്ചകളും വര്‍ധിക്കുമ്പോള്‍ ഭരണത്തില്‍ ഇടപെടാനാകാതെ സി.പി.എമ്മും മുന്നണിയും. എല്‍.ഡി.എഫിന്റെ നയങ്ങള്‍ക്കനുസരിച്ചല്ല പൊലിസ്‌സേന പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം ഭരണപക്ഷത്തുതന്നെ ശക്തമായിട്ടും ഇതുവരെ തിരുത്തല്‍ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
അടുത്തകാലത്തായി പൊലിസ്‌സേനയ്ക്കു സംഭവിക്കുന്ന വീഴ്ചകള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ നടന്ന കെവിന്‍ വധം, പരാതി ലഭിച്ചിട്ടും പൊലിസ് സന്ദര്‍ഭോചിതമായി ഇടപെടാതിരുന്നതുകൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തം. ഇത് സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലൊതുങ്ങാതെ പൊലിസ് തോന്നിയ മട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം വ്യാപകമായിട്ടും അതിന് വ്യക്തമായ മറുപടി നല്‍കാന്‍ പോലും ആവാത്ത അവസ്ഥയിലാണ് സി.പി.എമ്മും എല്‍.ഡി.എഫും.
ഇടതുഭരണകാലങ്ങളില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിയുടെ മറ്റു മന്ത്രിമാര്‍ക്കും മേല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണമുണ്ടാകാറുണ്ട്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇങ്ങനെ ഏറ്റവും ശക്തമായ നിയന്ത്രണമുണ്ടായത്. അന്ന് സര്‍ക്കാരിന്റെ പല നടപടികളും പാര്‍ട്ടി ഇടപെട്ട് തിരുത്തുകയും തടയുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. ചില നടപടികള്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം പരസ്യമായി പ്രതികരിക്കുക പോലും ചെയ്തിരുന്നു.
എന്നാല്‍ അന്നത്തെ പാര്‍ട്ടി സസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ഈ രീതിയില്‍ മാറ്റം വരികയായിരുന്നു. ഭരണത്തിന്റെ പാളിച്ചകള്‍ സംബന്ധിച്ചോ സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ചോ കാര്യമായ ചര്‍ച്ചകളൊന്നും സി.പി.എം സംസ്ഥാന നേതൃഘടകങ്ങളില്‍ നടക്കാറില്ല.
തിരുത്തല്‍ നടപടിയെന്നു പറയാവുന്ന ഒന്നുംതന്നെ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. ഭരണനടപടികളെല്ലാം ശരിവയ്ക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചുപോരുന്നത്.
സി.പി.എമ്മില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇടതുമുന്നണിയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ പാളുന്ന ഘട്ടങ്ങളില്‍ സി.പി.ഐ അതിനെതിരേ രംഗത്ത് വന്നിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയടക്കം വിവാദമായ പൊലിസ് നടപടികളുണ്ടായ ഘട്ടങ്ങളില്‍ മുന്നണിക്കകത്തു മാത്രമല്ല പുറത്തും സി.പി.ഐ പ്രതിഷേധ സ്വരമുയര്‍ത്തിയിരുന്നു.
ഇത് പലപ്പോഴും സി.പി.എമ്മുമായി പരസ്യമായ തര്‍ക്കത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈയിടെയായി ഇത്തരം വിഷയങ്ങളില്‍ സി.പി.ഐയും മൗനം പാലിക്കുകയാണ്. പൊലിസ് നടപടികള്‍ കൈവിട്ടുപോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേദിവസമായ ജൂണ്‍ ഒന്നിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍.ഡി.എഫ് യോഗങ്ങള്‍ ചേരുന്നുണ്ട്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗവും ചേരും.
പ്രധാനമായി ചെങ്ങന്നൂര്‍ ഫലം വിലയിരുത്താനാണ് യോഗങ്ങള്‍ നിശ്ചയിച്ചതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പൊലിസ് വിഷയവും ചര്‍ച്ചയാകും. സി.പി.ഐ ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."