ദുബൈയില്‍ 141 ഷവര്‍മ ഔട്ട്‌ലറ്റുകള്‍ പൂട്ടി
ദുബൈ: ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ദുബൈയിലെ 141 ഷവര്‍മ ഔട്ട്‌ലറ്റുകള്‍ നഗരസഭാ അധികൃതര്‍ അടച്ചുപൂട്ടി. ആകെ 573 ഷവര്‍മ സ്റ്റാളുകളാണ് ദുബൈയില്‍ ഉള്ളത്. ഇതില്‍ 425 എണ്ണം നഗരസഭയുടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച അവശേഷിക്കുന്ന സ്ഥപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ അറിയിച്ചു. യു.എ.ഇയിലെ കഫ്റ്റീരിയകളില്‍ ഭൂരിഭാഗവും മലയാളികളുടേതാണ്.
ഷവര്‍മ പാകംചെയ്യാനും വില്‍ക്കാനും ചെറുകടകള്‍ക്കും ചായക്കടകള്‍ക്കുമായി പുതിയ 29 നിബന്ധനകള്‍ നഗരസഭ മുന്നോട്ടുവച്ചിരുന്നു. സ്ഥാപനങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ആറ് മാസത്തെ സമയവും നല്‍കി. എങ്കിലും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നഗരസഭാ ആരോഗ്യ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്നായിരുന്നു പരിശോധന.
മാട്, കോഴി, പച്ചക്കറി, സോസുകള്‍ ഉള്‍പ്പെടെ വിവിധതരം ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് സാധാരണ നിലയില്‍ ഷവര്‍മ ഉണ്ടാക്കുന്നത്. ഇവ ഓരോന്നും സൂക്ഷിക്കാന്‍ പ്രത്യേകം പ്രത്യേകം സൗകര്യങ്ങള്‍ ആവശ്യമാണെന്ന് നഗരസഭാ അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഭക്ഷ്യപദാര്‍ഥങ്ങള്‍ അനുയോജ്യമായ രൂപത്തിലായിരുന്നില്ല കഫ്റ്റീരിയകളില്‍ സൂക്ഷിച്ചിരുന്നത്.
ഇതുകാരണം ഇറച്ചിയും പച്ചക്കറിയും തമ്മില്‍ ചേര്‍ന്ന് മലിനപ്പെടാനുള്ള സാധ്യതയേറുന്നു. പച്ചക്കറികള്‍, ഇറച്ചി, മയൊണൈസ്, സോസ് തുടങ്ങിയവ വെവ്വേറെ ഇടങ്ങളില്‍ വേണം സൂക്ഷിക്കാന്‍. ആരോഗ്യകരമായ സാഹചര്യത്തില്‍ പാകംചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കണമെന്നും തണുപ്പിക്കാന്‍ പാകത്തില്‍ റഫ്രിജറേറ്ററുകള്‍ വേണമെന്നും നഗരസഭ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."