വെള്ളവും തൊഴിലാളികളുമില്ല; കരിപ്പൂരില്‍ ടെര്‍മിനല്‍ നിര്‍മാണം നിലച്ചു
കൊണ്ടോട്ടി: വെള്ളവും തൊഴിലാളികളും ഇല്ലാത്തതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതുതായി നിര്‍മിക്കുന്ന ടെര്‍മിനലിന്റെ പ്രവൃത്തികള്‍ നിലച്ചു. നിര്‍മാണം നിലച്ചതോടെ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളെ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിന് കിഴക്കുഭാഗത്ത് നിലവിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ ഒരുക്കുന്നത്. വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മാണം.
ഇതിനകം 32 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1,700 ചതുരശ്ര മീറ്ററില്‍ രണ്ടുനിലയായാണ് ടെര്‍മിനല്‍ ഒരുക്കുന്നത്. 85.5 കോടി ചെലവിലാണ് നിര്‍മാണം. ദില്ലി ആസ്ഥാനമായുളള യു.ആര് സി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. 20 കസ്റ്റംസ് കൗണ്ടറുകള്‍, 44 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്കലേറ്ററുകള്‍, രണ്ട് അത്യാധുനിക എയ്റോബ്രിഡ്ജുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവ ടെര്‍മിനലില്‍ ഒരുക്കുന്നുണ്ട്. ഇതോടൊപ്പം പൊലിസ് ഔട്ട് പോസ്റ്റിനും സൗകര്യമൊരുക്കും.
ഭൂമികുഴിച്ചുള്ള പ്രവൃത്തികളില്‍ പാറ കണ്ടതോടെ നിര്‍മാണത്തിന്റെ വേഗത കുറഞ്ഞിരുന്നു. ഇതിനിടെ കമ്പനിക്ക് മതിയായ തൊഴിലാളികളെ എത്തിക്കാനുമായില്ല. വേനല്‍ കടുത്തതോടെ ജലക്ഷാമവും അനുഭവപ്പെടുകയായിരുന്നു.
ഗൂഢാലോചന വ്യക്തമാക്കണം: എം.ജി.എസ്
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സംബന്ധിച്ചുള്ള ഗൂഢാലോചന മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ചെയര്മാന് എം.ജി.എസ് നാരായണന്. കരിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് പ്രമേയം പാസാക്കണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി നിരാകരിക്കുകയായിരുന്നു. 'അത് ഇവിടെ പറ്റില്ല, പിന്നീട് മനസിലാകും' എന്നിങ്ങനെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്താണ് കരിപ്പൂര്‍ വിമാനത്താവളത്തെ കുറിച്ച് നിയമസഭയില്‍ പറയാന്‍ പറ്റാത്ത രഹസ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കരിപ്പൂര്‍ വിമാനത്താവളത്തെയും ഹജ്ജ് സര്‍വിസിനെയും അട്ടിമറിച്ച് സ്വകാര്യ വിമാനത്താവള മുതലാളിമാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി.പി.എം ഹാഷിര്‍ അലി, സെക്രട്ടറി ഷെയ്ക്ക് ഷാഹിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."