ബഹ്‌റൈനിലെ പ്രവാസി വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനാ നിര്‍ദേശം; പാര്‍ലമെന്റ് തീരുമാനം ഉടന്‍
മനാമ: ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികളുടെ ഫീസ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തില്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റിന്റെ തീരുമാനം ഉടനെ ഉണ്ടാകുമെന്ന് സൂചന.
ഓരോ പ്രവാസി വിദ്യാര്‍ഥിയും പ്രതിവര്‍ഷം 400 ദിനാര്‍ (ഏകദേശം 70,000 രൂപയോളം) ഫീസിനത്തില്‍ നല്‍കണമെന്നാണ് നിലവില്‍ ബന്ധപ്പെട്ട വകുപ്പിന്റെ നിര്‍ദേശം.
എന്നാല്‍ ഈ ഫീസ് വര്‍ധന നടപ്പിലാക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ് എന്ന സാഹചര്യത്തിലാണ് അടുത്ത ദിവസം പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെടാനിരിക്കുന്നത്.
നേരത്തെ പാര്‍ലമെന്റ് അംഗം ജലാല്‍ കാധിം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ ചുവടു പിടിച്ചാണ് ഫീസ് വര്‍ധന വിഷയം വീണ്ടും സജീവമായത്.
ബഹ്‌റൈനിലെ നിലവിലെ നിയമമനുസരിച്ച് രാജ്യത്തെ പൊതുമേഖലാ സ്‌കൂളുകളില്‍ പഠിക്കുന്ന പ്രവാസികളും അല്ലാത്തവരുമായ എല്ലാ കുട്ടികള്‍ക്കും പ്രൈമറി, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി വിദ്യാഭ്യാസം സൗജന്യമാണ്.
ഇതില്‍ ഭേദഗതി വരുത്തി ബഹ്‌റൈനികള്‍ക്കും മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രം സൗജന്യ വിദ്യാഭ്യാസം ചുരുക്കാനായി 2015ലാണ് നേരത്തെ നിര്‍ദേശമുയര്‍ന്നത്. ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റി അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭാരിച്ച സംഖ്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാറിന് ബാധ്യതയായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ഇപ്പോള്‍ തയാറായിരിക്കുന്നത്. നിയമത്തിന് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പിന്തുണയുമായി രംഗത്തുണ്ടെങ്കിലും നിര്‍ദേശം നടപ്പിലാകാന്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്.
2015-16 വര്‍ഷത്തെ കണക്കനുസരിച്ച് ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 16,748 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന സര്‍ക്കാറിന് ഭാരിച്ച ബാധ്യതയായതായി ഫീസ് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മറ്റെല്ലാ രാജ്യങ്ങളിലും സമാന നിയമമുണ്ടെന്നാണ് ഇവരുടെ വാദം. ബഹ്‌റൈനില്‍ വിദേശികള്‍ വര്‍ധിക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വലിയ ചെലവാണ് സര്‍ക്കാറിനുണ്ടാകുന്നത്. ഇത് ഒഴിവാക്കുകയാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."