പുറമ്പോക്ക് ഭൂമി സര്‍വേ നീട്ടിക്കൊണ്ടുപോകുന്നു റവന്യൂ വകുപ്പിന്റെ അലംഭാവത്തിനെതിരേ നഗരസഭ നടപടിക്കൊരുങ്ങുന്നു
നിലമ്പൂര്‍: സ്വന്തം സ്ഥലമില്ലാത്തതിനാല്‍ നഗരസഭയിലെ പല വികസന പ്രവര്‍ത്തനങ്ങളും മുടങ്ങുന്ന സാഹചര്യത്തില്‍ നഗരസഭയിലെ പുറമ്പോക്ക് ഭൂമി സര്‍വേ നടത്താതിരിക്കുന്ന റവന്യൂ വകുപ്പിനെതിരേ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് രംഗത്ത്. റവന്യൂ വകുപ്പ് സര്‍വേ നടത്തി പുറമ്പോക്ക് ഭൂമി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 2016 സെപ്റ്റംബര്‍ 24ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് കത്ത് നല്‍കിയിരുന്നു. നിലമ്പൂര്‍ വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും റവന്യൂ വകുപ്പ് ഒരു നടപടിയും കൈകൊണ്ടില്ല.
നിലമ്പൂര്‍ ഫയര്സ്റ്റേഷന്, ആയുര്‍വ്വേദ ആശുപത്രി, ഹോമിയോ ആശുപത്രി, ടാക്സി-ഓട്ടോ പാര്‍ക്കിങ് ഏരിയ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പകല്‍ വീട് എന്നിവയാണ് സ്ഥല ലഭ്യതയില്ലാത്തതുമൂലം നടപ്പിലാക്കാന്‍ കഴിയാതിരിക്കുന്നത്.
മൈലാടി പാലത്തിന് സമീപത്തുള്ള, പുറമ്പോക്ക് ഭൂമി, മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്നതിന് തഹസില്‍ദാറുടെ അനുമതി ആവശ്യമുള്ളതിനാല്‍ ഒക്ടോബര്‍ 18ന് തഹസില്‍ദാര്‍ക്കും അപേക്ഷ നല്‍കിയിരുന്നു. റവന്യൂ ഭൂമിയോട് ചേര്‍ന്ന് വനഭൂമിയുള്ളതിനാല് വനം വകുപ്പിനോട് റവന്യൂ വകുപ്പും ചേര്‍ന്ന് സംയുക്ത സര്‍വേ നടത്തി പ്രശ്ന പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.
എത്രയും വേഗം റവന്യൂ വകുപ്പ് അംലംഭാവം വെടിഞ്ഞ് സര്‍വെ നടപടികളാരംഭിക്കണമെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."