ക്ലാറ്റ്: പുനപ്പരീക്ഷയില്ല; ഫലം ഇന്ന് പ്രഖ്യാപിക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ക്ലാറ്റ് വീണ്ടും നടത്തണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. പരീക്ഷ നടത്തിയ കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിനോട്(നുവാല്‍) ഫലം ഇന്ന് തന്നെ പ്രഖ്യാപിക്കാനും കോടതി നിര്‍ദേശം നല്‍കി.
പരീക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന് ആരോപിച്ച് 251 വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ച് എല്‍. നാഗേശ്വര്‍ റാവുവും എം.ശാന്തനഗൗഡറും അടങ്ങുന്ന സുപ്രിം കോടതിയുടെ രണ്ടംഗ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. ഓണ്‍ലൈന്‍ വഴി നടത്തിയ പ്രവേശന പരീക്ഷയിലെ സാങ്കേതിക തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് കോടതി കഴിഞ്ഞ ദിവസം രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു.
കേരള ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍, കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. സന്തോഷ് കുമാറുമാണ് സമിതിയംഗങ്ങള്‍. സമിതിയോട് അടുത്ത മാസം ആറിനു മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
ഇന്നലെ കേസ് പരിഗണിക്കവേ ഫലം പ്രഖ്യാപിക്കുകയാണെങ്കില്‍ നല്ല മാര്‍ക്കു ലഭിച്ച നിരവധി പേര്‍ പരാതിയില്‍ നിന്ന് പിന്‍മാറുമെന്ന് നുവാല്‍സിന് വേണ്ടി ഹാജരായ വി.ഗിരി പറഞ്ഞു. പരാതി ഉയര്‍ന്ന കേസുകളില്‍ 99.99 ശതമാനവും സാങ്കേതിക തകരാറു മൂലം പത്തോ പതിനഞ്ചോ മിനിറ്റ് നേരമാണ് നഷ്ടമായതെന്നും ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ അധിക സമയം അനുവദിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ഈ മാസം13നു ദേശീയതലത്തില്‍ നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ചോദ്യങ്ങള്‍ സ്‌ക്രീനില്‍ കാണാനില്ല, വ്യത്യസ്ത സമയം അനുവദിച്ചു തുടങ്ങിയതടക്കം നിരവധി പരാതികളാണ് പരീക്ഷക്കെതിരേ ഉയര്‍ന്നിരുന്നത്.
പരീക്ഷയെഴുതിയ 54,464 വിദ്യാര്‍ഥികളില്‍ 251 പേരാണ് വിവിധ ഹൈക്കോടതികളിലും സുപ്രിം കോടതിയിലുമായി ഹരജി നല്‍കിയിരിക്കുന്നത്. ഈ ഹരജികളെല്ലാം കോടതി ഒന്നിച്ചാണ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."