നന്മകള്‍കൊണ്ട് വസന്തം തീര്‍ക്കാം
റമദാന്‍ സുകൃതങ്ങളുടെ മാസമാണ്. ഈ വിശുദ്ധ മാസത്തിലെ ഏറ്റവും പുണ്യമേറിയ നന്മ വ്രതം തന്നെയാണ്. നബി (സ) പറഞ്ഞു: ''മനുഷ്യന്‍ ചെയ്യുന്ന ഓരോ സത്കര്‍മത്തിനും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞു : നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്. ഞാനതിന് കണക്കില്ലാതെ പ്രതിഫലം നല്‍കും. എനിക്ക് വേണ്ടിയാണ് അവന്‍ തന്റെ ദേഹേച്ഛകളും ഭക്ഷണ പാനീയങ്ങളുമെല്ലാം ഉപേക്ഷിക്കുന്നത്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോള്‍, മറ്റൊന്ന് റബ്ബിനെ കാണുമ്പോള്‍. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണ് (ഹദീസ്). പാപമോചനമാണ് അല്ലാഹു വ്രതത്തിന് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. നബി (സ) പറഞ്ഞു : ''വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്‍ ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്''.
ദൈവിക പ്രീതി കാംക്ഷിച്ചുകൊണ്ട് നടത്തുന്ന ദാനധര്‍മങ്ങളുടെ പ്രതിഫലം അനന്തമാണ്. അല്ലാഹു പറയുന്നു : ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും അതിനെ തുടര്‍ന്ന് ചെലവ് ചെയ്തത് എടുത്ത് പറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ഉണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടിവരികയും ഇല്ല'' . ദൈവിക സിംഹാസനമായ അര്‍ശ് വിരിക്കുന്ന തണലിന് അവകാശിയാകാന്‍ വരെ അവര്‍ക്ക് സാധിക്കും. റമദാനിലാകുമ്പോള്‍ ദാനധര്‍മങ്ങളുടെ പ്രതിഫലം അചിന്തനീയമാണത്രെ. ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരന്‍ നബി (സ)യായിരുന്നു. അവിടുന്ന് ഏറ്റവും കൂടുതല്‍ ദാനം ചെയ്തിരുന്നത് റമദാനിലാണെന്ന് സ്വാഹാബത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശാലമായ ഭൂപരപ്പില്‍ തടസമില്ലാതെ അടിച്ചു വീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരുന്നു പുണ്യ നബി. അവിടുന്ന് അരുളി : ''ഏറ്റവും ശ്രേഷ്ഠമായ സ്വദഖ റമദാനില്‍ ചെയ്യുന്നതാണ് . അതുകൊണ്ട്, റമദാനില്‍ കൂടുതല്‍ ദാനം ചെയ്യാന്‍ നാം ഔത്സുക്യം കാണിക്കേണ്ടതുണ്ട്. ദാനം ചെയ്യാന്‍ പല രീതികളുണ്ടെങ്കിലും പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വലിയ പ്രാധാന്യമുണ്ട്. അല്ലാഹു പറഞ്ഞു : ''ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം അഗതിയെയും അനാഥയെയും തടവുകാരനെയും അവര്‍ ഭക്ഷിപ്പിക്കും. അവര്‍ പറയും അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല''. മുന്‍ഗാമികളായ സലഫുകള്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ അതിയായ താല്‍പര്യം കാണിക്കുകയും ഇതര ആരാധനകളെക്കാള്‍ അതിന് പ്രാമുഖ്യം കല്‍പ്പിക്കുകയും ചെയ്തിരുന്നു.
നോമ്പ് തുറപ്പിക്കുന്നതിന് വലിയ പ്രതിഫലമുണ്ടത്രെ. നബി (സ) പറഞ്ഞു : ''ആരെങ്കിലും നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍ അവന് ലഭിക്കുന്ന സമാനമായ പ്രതിഫലം നോമ്പ് തുറപ്പിച്ചവനും ലഭിക്കുന്നതാണ്. നോമ്പുകാരന്റെ പ്രതിഫലത്തില്‍നിന്ന് ഒന്നും കുറയുകയുമില്ല''.
ഖുര്‍ആനും നബി വചനങ്ങളും വിളിച്ചു പറയുന്നത്, അധ്വാനിച്ച്, ഭൂമിയിലെ സര്‍വ നന്മകളെയും ഉപയോഗപ്പെടുത്തി, സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഇസ്‌ലാം നമ്മെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ്. അല്ലാഹു പറയുന്നു : ''അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍നിന്ന് ഭക്ഷിക്കുകയും ചെയ്യുക. അവനിലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുനേല്‍പ്പ് ''.
നബി (സ) തൊഴിലെടുത്ത് ജീവിക്കാനും അനുവദനീയമായ മാര്‍ഗത്തിലൂടെ സമ്പാദിക്കാനും അനുചരന്മാരെ പ്രേരിപ്പിച്ചിരുന്നു. നബി (സ) അരുളി : ''നിങ്ങളില്‍ ഒരാള്‍ തന്റെ കയര്‍ കെട്ടുകളെടുത്ത് മലമുകളില്‍ കയറി വിറക് ശേഖരിച്ച് സ്വന്തം മുതുകില്‍ ചുമന്ന് കൊണ്ട് വന്ന് വില്‍ക്കലാണ് (അതുവഴി സ്വന്തം അഭിമാനം സംരക്ഷിക്കാം) മറ്റുള്ളവരോട് യാചിക്കുന്നതിനെക്കാള്‍ ഉത്തമം. അവരില്‍നിന്ന് സഹായം ലഭിച്ചാലും ഇല്ലെങ്കിലും''. ഈ ഹദീസില്‍നിന്ന് വ്യക്തമാകുന്നത് പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണെങ്കിലും സ്വന്തം തൊഴിലെടുത്ത് ജീവിക്കലാണ് മനുഷ്യന് ഏറ്റവും ഉല്‍കൃഷ്ടമായതെന്നാണ്. അഭിമാന ക്ഷതമുള്ളതുകൊണ്ട് തന്നെ അന്യരോട് യാചിക്കല്‍ ശരിയായ നടപടിയല്ല. സ്വന്തം വിയര്‍പ്പിന്റെ ഫലം ഭക്ഷിക്കലാണ് മഹത്തരവും ലാഭകരവും. പൊതുവില്‍ അധ്വാനിച്ച് ജീവിക്കുന്നതിന്റെ ഇസ്‌ലാമിക വീക്ഷണം ഇങ്ങനെയാണെങ്കില്‍ ധാരാളം പ്രതിഫലം ലഭിക്കുന്ന റമദാനിലെ അധ്വാനത്തിന്റെ പ്രാധാന്യം പരാമര്‍ശിക്കേണ്ടതില്ലല്ലോ.
കര്‍മങ്ങള്‍ ന്യൂനതകളില്ലാത്ത വിധം ചെയ്തു തീര്‍ക്കാന്‍ നമുക്ക് സാധിക്കണം. ആലസ്യം നമ്മുടെ പ്രവൃത്തികളിലെ ബറക്കത്ത് നഷ്ടപ്പെടാന്‍ കാരണമായേക്കാം. നബി (സ) പറഞ്ഞു : ''നാം ജോലിയില്‍ പ്രവേശിച്ചാല്‍ ന്യൂനതകളില്ലാതെ അത് പൂര്‍ത്തീകരിക്കാനാണ് അല്ലാഹുവിനിഷ്ടം'' (ഹദീസ്). ജോലിയില്‍ പൂര്‍ണ ആത്മാര്‍ഥത കാണിക്കല്‍ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് മുതലാളിയോട് കാണിക്കുന്ന വഞ്ചനയാണ്. നാളെ പരലോകത്ത് നാം അതിനെതുടര്‍ന്ന് ചോദ്യംചെയ്യപ്പെടും.
പ്രവാചക മൊഴി അന്വര്‍ഥമാക്കും വിധം സ്വയം തൊഴിലെടുത്ത് അധ്വാനിച്ച് ജീവിക്കലാണ് ഉത്തമം. റമദാനിലാകുമ്പോള്‍ അതിന് പവിത്രത വര്‍ധിക്കുകയേയുള്ളൂ. തൊഴിലെടുത്ത് ജീവിച്ചാല്‍ മാത്രമേ നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുകയും അതുവഴി സമുദായത്തിന് മൊത്തം നേട്ടമുണ്ടാവുകയുമുള്ളൂ. അത് സമൂഹത്തില്‍നിന്ന് ദാരിദ്ര്യത്തെ തുടച്ചു നീക്കാന്‍ വരെ നമ്മെ സഹായിക്കും. അതിലുപരി, കൂടുതല്‍ പ്രയത്‌നിക്കുകയും ന്യൂനതകളില്ലാതെ ജോലി പൂര്‍ത്തീകരിക്കാനാവുകയും ചെയ്താല്‍ നമുക്ക് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനാവും. എന്നാല്‍, ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും മനുഷ്യന്‍ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് കര്‍മം ഖുര്‍ആനിനും സുന്നത്തിനും യോജിച്ചുവരികയും അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ടാവുകയും ചെയ്യല്‍. അല്ലാഹു നമ്മുടെ കര്‍മങ്ങളെല്ലാം സ്വീകരിക്കട്ടെ.. ആമീന്‍
(പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമാണ് ലേഖകന്‍)
മൊഴിമാറ്റം: ഇ.കെ റശീദ് വാഫി പൂക്കൊളത്തൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."