കരിമ്പം ഇ.ടി.സി ഇനി കിലയുടെ മികവു കേന്ദ്രം
തളിപ്പറമ്പ്: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) സംസ്ഥാനത്ത് ദേശീയപ്രാധാന്യമുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, തൃശൂരിലെ മണ്ണൂത്തി, കണ്ണൂരിലെ കരിമ്പം എന്നിവിടങ്ങളില്‍ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇ.ടി.സികളാണ് കില ഏറ്റെടുക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിശീലനങ്ങളാണ് നടക്കുക.
കൊട്ടാരക്കരയില്‍ കില സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ഡവലപ്‌മെന്റ് സാമൂഹ്യ സാമ്പത്തിക വികസന കേന്ദ്രം, മണ്ണൂത്തിയില്‍ കില സെന്റര്‍ ഫോര്‍ ഗുഡ് ഗവേര്‍ണന്‍സ് സെല്‍ ഭരണകേന്ദ്രം, കരിമ്പത്ത് കില സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് ഓര്‍ഗാനിക് ഫാമിങ് എന്നിങ്ങനെ പേരുമാറ്റം പൂര്‍ത്തിയായി.
1952ല്‍ ഗാന്ധിയന്‍ രീതിയില്‍ ഗ്രാമസേവകന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് കരിമ്പത്ത് ജില്ലാ കൃഷിഫാമിന് സമീപം 25 ഏക്കറില്‍ ഗ്രാമസേവക് ട്രെയിനിങ് സെന്റര്‍ ജി.ടി.സി ആരംഭിച്ചത്. പിന്നീട് വികസന പരിശീലന കേന്ദ്രം ഇ.ടി.സിയായി മാറി.
25 ഏക്കര്‍ സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മാറ്റി മാലിന്യ സംസ്‌കരണത്തിനും ജൈവകൃഷിക്കുമുള്ള പരിശീലന കേന്ദ്രവും ഡെമോണ്‍സ്‌ട്രേഷന്‍ സെന്ററും ആരംഭിക്കും. ഗ്രാമസേവകര്‍ കൃഷിപരിശീലനം നേടുന്നതിനായി ഉപയോഗപ്പെടുത്തിയ അഞ്ച് ഏക്കര്‍ വയല്‍ ഉള്‍പ്പെടെയാണ് ഇന്നത്തെ കരിമ്പം ഇ.ടി.സി. 65 വര്‍ഷം പഴക്കമുള്ള സ്ഥാപനത്തിന്റെ സമൂലമായ മാറ്റമാണ് കില ഏറ്റെടുക്കുന്നതോടെ നടക്കുക. ദേശീയതലത്തിലുള്ള മാലിന്യ നിര്‍മാര്‍ജന ജൈവകൃഷി പരിശീലന കേന്ദ്രമായി കരിമ്പം ഇ.ടി.സി മാറുന്നതോടെ അന്തര്‍ദേശീയ തലത്തിലുള്ള പരിശീലനത്തിനും വേദിയാകും. കില ഡയരക്ടര്‍ ഡോ. പി.പി ബാലന്‍ നാളെ കരിമ്പം ഇ.ടി.സി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."