യുവാവ് സഊദിയില്‍ അന്യായമായി തടങ്കലിലെന്ന് കുടുംബം; സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം
തിരുവനന്തപുരം: സഊദി അറേബ്യയില്‍ യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിനായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സഊദിയിലെ റിയാദില്‍ ഹോട്ടല്‍ നടത്തിയിരുന്ന അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജി (47)യാണ് അന്യായ തടങ്കലിലായത്. റിയാദിലെ പ്രാദേശിക പൊലിസ് സ്റ്റേഷനില്‍ തടങ്കലിലാണെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.
ഷാജിയും ഭാര്യാ സഹോദരനായ ശോഭകുമാറും കഴിഞ്ഞ മൂന്നുവര്‍ഷമായി സഊദിയിലായിരുന്നു. ഇരുവരും ചേര്‍ന്ന് 13 ലക്ഷം രൂപ മുതല്‍ മുടക്കി സഊദിയിലെ കമാസില്‍ റസ്റ്റോറന്റ് തുടങ്ങിയതു മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് കുടുംബം പറയുന്നു. പ്രദേശത്തെ മറ്റു ഹോട്ടലുടമകളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. രണ്ടാഴ്ച്ച മുന്‍പ് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു സഊദി പൗരന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തി കട അടിച്ചുതകര്‍ത്തു.
ശോഭകുമാറിനെ റൂമിലെത്തി കുത്തി പരുക്കേല്‍പ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത്് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബോധരഹിതനായ ശോഭകുമാറിന് സംസാരശേഷിയും നഷ്ടമായി. ഷാജിയെ പുറകില്‍ നിന്ന് കുത്തുകയും കമ്പി ഉപയോഗിച്ച് മുന്‍വശത്തെ നാലു പല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവം പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി അന്നു തന്നെ അക്രമികളെ അറസ്റ്റ് ചെയ്തു.
പിന്നീട് ഒരു സംഘമെത്തി കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 13ന് 80,000 റിയാല്‍ തന്ന് കേസ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് ഷാജിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ സമയം രോഗബാധിതനായി സംസാരശേഷി നഷ്ടപ്പെട്ട ശോഭകുമാറിനെ ജിത്തു ഇടപെട്ട് നാട്ടിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഷാജിയെ കാണാനില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കും എ. സമ്പത്ത് എം.പിക്കും കുടുംബം പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി അവിടത്തെ പ്രാദേശിക പൊലിസ് സ്റ്റേഷനിലാണെന്ന് മനസിലായത്. ഷാജിക്ക് മെഡിക്കല്‍ സഹായമോ ഭക്ഷണമോ കിട്ടുന്നുണ്ടോയെന്ന് അറിയില്ലെന്നും അമ്മയും ഭാര്യയും പറയുന്നു.
ഷാജിയെ തിരിച്ചുകൊണ്ടുവരുന്നതിനും സഊദിയിലെ കേസ് നടത്തുന്നതിനും നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും സഹായം തേടിയാണ് കുടുംബം സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."