അപകടത്തിന് വഴിയൊരുക്കി നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനിലെ വൈദ്യുതി പോസ്റ്റ്
നെട്ടൂര്‍: ദേശീയപാതയോട് ചേര്‍ന്നു നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനില്‍ അപകടക്കെണിയൊരുക്കി വൈദ്യുതി പോസ്റ്റ്. പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികളും വ്യാപാര സ്ഥാപന ഉടമകളും തൊട്ടടുത്തുള്ള ചുമട് തൊഴിലാളികളും നിരന്തരമായി ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. പോസ്റ്റ് വന്‍ ഗതാഗത തടസത്തിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരട് ഗ്രാമപഞ്ചായത്തായിരുന്നപ്പോപ്പോള്‍ നിലവിലെ റോഡ് വീതി കൂട്ടി സൗകര്യപ്പെടുത്തിയതോടൊപ്പം പോസ്റ്റ് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ഇപ്പോള്‍ ഈ പ്രദേശത്ത് ഏറെ അപകടങ്ങള്‍ക്കും ഗാതാഗതകുരുക്കിനും കാരണമാകുന്നത്.
ഈ റോഡിന് ഇരുവശങ്ങളിലും നിരവധി കച്ചവട സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ സദാസമയവും അതിഭാര വാഹനങ്ങളുള്‍പ്പെടെ നീണ്ട വാഹന നിരയാണിവിടെ. വൈദ്യൂതി പോസ്റ്റ് റോഡിലേക്ക് നീങ്ങി നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ ഐ.എന്‍.ടി.യു.സി ജംങ്ഷന്‍ നിന്ന് തിരിഞ്ഞ് പോകുന്നതിന് വളരെയേറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്.
ചരിഞ്ഞു നില്‍ക്കുന്ന പോസ്റ്റ് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ നേര്‍ക്കായതിനാല്‍ ഇതിലെ കച്ചവടക്കാരും ഭീതിയിലാണ്. അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയതായി പൊതുപ്രവര്‍ത്തകനായ ആന്റണി കളരിക്കല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."