ചെമ്പിട്ട പള്ളി നവീകരണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും: കെ.ജെ മാക്സി എം.എല്‍.എ
മട്ടാഞ്ചേരി: ചെമ്പിട്ടപള്ളിയുടെ നവീകരണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കെ.ജെ.മാക്സി എം.എല്‍.എ പറഞ്ഞു.
പള്ളിയുടെ നവീകരണ ജോലികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പള്ളി സന്ദര്‍ശനത്തിനായി എത്തിയ ശേഷമാണ് എം.എല്‍.എ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികളുടേയും യോഗം ഈ മാസം ഏഴിന് ചേരുമെന്നും എം.എല്‍.എ പറഞ്ഞു.
പള്ളിയിലെ ശുചിമുറിയുടെ നവീകരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി വേണമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ എം.എല്‍.എയോട് ആവശ്യപ്പെട്ടു. ഇതും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും പദ്ധതിക്കായി ഫണ്ടിന്റെ അപര്യാപ്തതയുണ്ടായാല് അത് പരിഹരിക്കുന്നതിനുള്ള നടപടിയും ഉണ്ടാകുമെന്നും കെ.ജെ മാക്സി പറഞ്ഞു.
98 ലക്ഷം രൂപയാണ് പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി പള്ളി നവീകരിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. ആകെ നാല് കോടി രൂപ അനുവദിച്ചതില്‍ ഹരിഷേണായ് ബില്‍ഡിംഗ്, ചെമ്പിട്ടപള്ളി നവീകരണം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ റമദാനിന് മുമ്പ് ആരംഭിച്ച നവീകരണ ജോലികള്‍ ഇഴഞ്ഞ് നീങ്ങുന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയുടെ ഇടപെടല്‍.
സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം റിയാദ്, ഹബീബുള്ള, എം.എച്ച്.എം അഷറഫ്, സൈലു കബീര്‍, പള്ളി കമ്മിറ്റി ഭാരവാഹികളായ റഫീഖ് നൈന, താഹ എന്നിവരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."